ആരാടാ.. ഈ ഉമ്മന്‍ചാണ്ടി.. എന്തിനാടാ മൂന്ന് ദിവസം; മുന്‍ മുഖ്യമന്ത്രിയുടെ മരണത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ നടൻ വിനായകന്‍, പുറത്തുവന്ന വീഡിയോയില്‍ ഉമ്മന്‍ചാണ്ടിക്കും വിമര്‍ശനം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ആരാടാ.. ഈ ഉമ്മന്‍ചാണ്ടി.. എന്തിനാടാ മൂന്ന് ദിവസം; മുന്‍ മുഖ്യമന്ത്രിയുടെ മരണത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ നടൻ വിനായകന്‍, പുറത്തുവന്ന വീഡിയോയില്‍ ഉമ്മന്‍ചാണ്ടിക്കും വിമര്‍ശനം

എറണാകുളം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടൻ വിനായകൻ. ഇപ്പോഴും തുടരുന്ന വിലാപയാത്രയെ വിമര്‍ശിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ് നടൻ രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്.

‘ആരാടാ.. ഈ ഉമ്മൻചാണ്ടി. എന്തിനാടാ.. ഈ മൂന്ന് ദിവസമൊക്കെ കബൂറാക്കല്ലെ.. നിര്‍ത്തിയിട്ട് പോ.. പത്രക്കാരോടാ പറയണെ.. ഉമ്മൻചാണ്ടി ചത്തുപോയി അതിന് ഞങ്ങള്‍ എന്ത് ചെയ്യണം…’

‘എൻ്റെ അച്ഛനും ചത്ത് നിങ്ങടെ അച്ഛനും ചത്ത് അതിനിപ്പോ എന്ത് ചെയ്യണം ഒന്ന് നിര്‍ത്തി പോ പ്ലീസ്… ഉമ്മൻചാണ്ടി നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ ഞാൻ വിചാരിക്കില്ല. കരുണാകരൻ്റെ കാര്യം നോക്കിയാ അറിയില്ലെ ഇയാള്‍ ആരാണെന്ന്. ഉമ്മൻചാണ്ടി ചത്തു അത്രതന്നെ ഒന്ന് നിര്‍ത്തിയിട്ട്‌ പോ’.. എന്നാണ് വിനായകൻ ആ വിഡീയോയില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ച പിന്നാലെ വിനായകനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോയില്‍ വ്യാപകമായി വിനായകനെ അസഭ്യം പറഞ്ഞ് രംഗത്തെത്തുന്നവരുമുണ്ട്.

സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡി.ജി.പിക്കും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കി.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സതീഷാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി അജിത്ത് അമീര്‍ ബാവയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ സോണി പനന്താനമാണ് കൊച്ചി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.

വിനായകൻ സിനിമ മേഖലയിലെ ലഹരി മാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റണ്ട് പൊലീസ് കമീഷണര്‍ക്ക് അജിത്ത് അമീര്‍ ബാവ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. വിനായകന്‍റെ ലഹരി-മാഫിയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും ഇതില്‍ ആവശ്യപ്പെടുന്നു.

0Shares