
സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ വർഗീയവാദിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഏറ്റവും വലിയ വർഗീയവാദിയാണ് വിജയരാഘവനെന്നും അതിനപ്പുറത്തേക്ക് പറയാത്തത് തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാൽ പ്രശ്നങ്ങൾ തീരില്ല. മതമേലധ്യക്ഷൻമാരുടെ യോഗം വിളിച്ചുചേർത്താൽ എന്താണ് കുഴപ്പമെന്നും കെ. സുധാകരൻ ചോദിച്ചു. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ബി.ജെ.പി പ്രവർത്തന ശൈലി കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്ന് ഇന്ന് രാവിലെ വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനോടാണ് കെ. സുധാകരൻ പ്രതികരിച്ചത്.
കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും കഴിഞ്ഞ ദിവസം മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ വിമർശിച്ചിരുന്നു. അതിന്‍റെ പിൻപാട്ടുകാരനായി നിൽക്കുകയാണ് രമേശ് ചെന്നിത്തലയെന്നും വിജയരാഘവൻ ആരോപിച്ചിരുന്നു.
