
സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ നടപടി പാർട്ടി ചർച്ച ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. അത് പാർട്ടിയിൽ കൂട്ടായി ചർച്ച ചെയ്യുമെന്നും അതിന് ശേഷം അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ്.എഫ്.ഇ നല്ല രീതിയിൽ കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരാതിക്കാരൻ ആരെന്ന് വിജിലൻസ് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു. കെ.എസ്.എഫ്.ഇ വിശ്വാസ്യതയും സൽപ്പേരുമുള്ള സ്ഥാപനമാണ്. അതിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു.

ഇക്കാര്യങ്ങളിൽ ഔദ്യോഗിക മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണെന്നും ആനത്തലവട്ടം പറഞ്ഞു. റെയ്ഡിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വിലയിരുത്തലിലാണ് സി.പി.എം. കേന്ദ്ര ഏജൻസികൾക്ക് വഴി തുറക്കുന്ന രീതിയിൽ അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നിൽ ചില ഉദ്യോഗസ്ഥരുണ്ടെന്നാണ് കണക്ക് കൂട്ടൽ.
കേന്ദ്ര ഏജൻസികൾ കിഫ്ബി അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിൽ വിജിലൻസ് തന്നെ കെ.എസ്.എഫ്.ഇക്കെതിരെ നീക്കം നടത്തിയതിൽ പാർട്ടിക്കുള്ളിൽ ഞെട്ടലുണ്ട്.
