ഉദ്യഗസ്ഥർ ജാഗ്രതെ; കൈക്കൂലി വാങ്ങാൻ ബിനാമികളും, കുടുക്കാൻ വിജിലൻസ് നടപടികൾ കടുപ്പിച്ചു, പ്രവർത്തന മികവിന് കാസർകോട് ബ്യുറോയ്ക്ക് ബാഡ്‌ജ് ഓഫ് ഓണർ

You are currently viewing ഉദ്യഗസ്ഥർ ജാഗ്രതെ; കൈക്കൂലി വാങ്ങാൻ ബിനാമികളും, കുടുക്കാൻ വിജിലൻസ് നടപടികൾ കടുപ്പിച്ചു, പ്രവർത്തന മികവിന് കാസർകോട് ബ്യുറോയ്ക്ക് ബാഡ്‌ജ് ഓഫ് ഓണർ

പീതാംബരൻ കുറ്റിക്കോൽ

കാസര്‍കോട് / കോഴിക്കോട്: കൈക്കൂലിക്കാരായ സർക്കാർ ഉദ്യഗസ്ഥരെ കുടുക്കാൻ വിജിലൻസ് നടപടികൾ കടുപ്പിച്ചു. ഒരുവര്‍ഷത്തിനിടെ കാസർകോട് അറസ്റ്റിലായത് കൈക്കൂലിക്കാരായ അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. വിവിധ വകുപ്പുകളില്‍പ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി നിരവധി ക്രമക്കേടുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കണ്ടെത്തിയിരുന്നു. ചില ഉദ്യോഗസ്ഥർ താൽക്കാലിക ജീവനക്കാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ബിനാമിയായി ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തെ തുടർന്ന് വിജിലൻസ് നിരീക്ഷിച്ചു വരികയാണ്.

കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, ഗുരുവനം ഡ്രൈവിംഗ് ടെസ്റ്റ് മൈതാനം, കാസര്‍കോട്, മഞ്ചേശ്വരം, പെര്‍ള, ചെറുവത്തൂര്‍ ചെക് പോസ്റ്റുകള്‍, വിവിധ പഞ്ചായത്തുകള്‍, കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികള്‍, അനധികൃത ക്വാറികള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

കോഴിക്കോട് വിജിലന്‍സ് ഡയറക്ടര്‍ മുമ്പാകെ വിവിധ ഓഫീസുകളിലും മറ്റും നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ അന്വേഷണ അനുമതി ലഭിക്കുന്നതോടെ കൂടുതല്‍ പരിശോധനകള്‍ നടക്കുകയും ഓഫീസുകളിൽ നിന്നും കൃത്രിമം നടത്തിയ ഫയലുകൾ പിടിച്ചെടുക്കുകയും ചെയ്യും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നടപടി റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കൈമാറി വരികയാണ്.

കാസർകോട് വിജിലൻസ് ആൻറ് ആന്റി കറപ്ഷൻ ബ്യുറോയിലെ ഡി.വൈ.എസ്‌.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള സംഘം അഴിമതിക്കെതിരെ കർശന നിലപാടാണ് എടുക്കുന്നത്. പ്രവര്‍ത്തന മികവിന് സംസ്ഥാന വിജിലന്‍സ് വകുപ്പിൻ്റെ ബാഡ്‌ജ് ഓഫ് ഓണര്‍ കാസര്‍കോട് വിജിലന്‍സ്‌ ബ്യുറോയ്ക്ക് ലഭിച്ചു. ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍, സി.ഐ സിബി തോമസ്, എ.എസ്‌.ഐ സുഭാഷ് ചന്ദ്രന്‍, എസ്.പി.ഒ എന്‍ മനോജ് എന്നിവര്‍ക്കാണ് അംഗീകാരം ലഭിച്ചത്.

കാസര്‍കോട്ടെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഉദ്യോഗസ്ഥ അഴിമതി കുറയ്ക്കാൻ നടത്തിയ നടപടികളാണ് കാസര്‍കോട് വിജിലന്‍സിനെ ബഹുമതിക്ക് അര്‍ഹമാക്കിയത്.

0Shares