വാർത്തകൾ ലഭിക്കാൻ: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: എക്സൈസ് ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഓപ്പറേഷൻ കോക്‌ടെയിലിൻ്റെ ഭാഗമായി വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം കോഴിക്കോട് റേഞ്ച് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിൻ്റെ മേൽനോട്ടത്തിലാണ് റെയ്‌ഡുകൾ നടത്തിയത്. കാസർകോട് ജില്ലയിൽ അഞ്ചു സ്ക്വാഡുകളായി വിവിധ ഓഫീസുകളിലാണ് പരിശോധ നടത്തിയത്.
എക്‌സൈസിൻ്റെ ചില ഓഫീസുകളിൽ ഉത്തരവാദപ്പെട്ട ഉദ്യേഗസ്ഥർ ഹാജരുണ്ടായില്ല. അനധികൃതമായി ഓഫീസിൽ നിന്നും വിട്ട് നിന്നതാണെന്ന് പരിശോധനയിൽ വ്യക്തമായി. കൃത്യമായി ജോലിക്കെത്താതെ മുങ്ങുന്ന ജീവനക്കാർക്കെതിരെ വിജിലൻസ് നടപടി കടുപ്പിക്കും. കൂടാതെ അനധികൃതമായി സൂക്ഷിച്ച ചില വസ്‌തുക്കളും ഓഫീസുകളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ഓണക്കാലത്തോട് അനുബന്ധിച്ച് ഉണ്ടാക്കാൻ സാധ്യതയുള്ള വ്യാജമദ്യo കണ്ടെത്തുന്നതിനും ഇതര സംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി കൊണ്ട് വരുന്ന മദ്യകടത്തും തടയുന്നതിന് വിജിലൻസ് പരിശോധന ഗുണകരമാകുമെന്നാണ് കരുതുന്നത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലൻസ് ഉദോഗസ്ഥർ ചാനൽ ആർ.ബിയോട് പറഞ്ഞു. പരിശോധന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടികൾ സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും അറിയിച്ചു.
കാസർകോട് എക്സൈസ് ഡിവിഷൻ ഓഫീസിൽ ഡി.വൈ.എസ്.പി വി.കെ വിശ്വംഭരൻ നായർ, ബദിയടുക്ക എക്സൈസ് റേഞ്ച് ഓഫീസിൽ ഇൻസ്പെക്ടർ സുനുമോൻ, കുമ്പള റെയിഞ്ച് ഓഫീസിൽ ഇൻസ്പെക്ടർ പി.സുനിൽ കുമാർ, കാഞ്ഞങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിൽ ഇൻസ്പെക്ടർ എം.പി രാജേഷ്, നീലേശ്വരം റേഞ്ച് ഓഫീസിൽ ഇൻസ്പെക്ടർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുമാണ് മിന്നൽ പരിശോധന നടത്തിയത്.
