ഗ്രാമ പഞ്ചായത്തുകളിൽ വിജിലൻസ് പരിശോധന; കെട്ടിട നിർമാണങ്ങളുടെ അനുമതി നൽകുന്നതിൽ അപാകതകൾ കണ്ടെത്തി, കുറ്റകാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ റിപ്പോർട്ട് നൽകും

You are currently viewing ഗ്രാമ പഞ്ചായത്തുകളിൽ വിജിലൻസ് പരിശോധന; കെട്ടിട നിർമാണങ്ങളുടെ അനുമതി നൽകുന്നതിൽ അപാകതകൾ കണ്ടെത്തി, കുറ്റകാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ റിപ്പോർട്ട് നൽകും

കാസർകോട്: വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ ഗ്രാമ പഞ്ചായത്തുകളിൽ കെട്ടിട നിർമാണങ്ങളുടെ അനുമതി നൽകുന്നതിൽ അപാകതകൾ കണ്ടെത്തി. കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്‌ഷൻ ഡി.വൈ.എസ്.പി വി.കെ വിശ്വംഭരൻ നായർ, ഇൻസ്പെക്ടർ കെ.സുനുമോൻ, പി.സുനിൽകുമാർ ,എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ ചെങ്കള മാധൂർ തൃക്കരിപ്പൂർ പഞ്ചായത്തുകളിൽ പരിശോധന നടത്തിയത്.

നിർമാണങ്ങളുടെ അനുമതി നൽകുന്നതിൽ വിവിധ അപാകതകൾ കണ്ടെത്തി.നിരവധി അനധികൃത നിർമ്മാണങ്ങളും പരിശോധനയുടെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട് അനധികൃത നിർമാണങ്ങൾ പഞ്ചായത്തിൽ അറിയിക്കുകയും അനുമതി വാങ്ങുകയോ ചെയ്യാത്തത് മൂലം വൻ സാമ്പത്തിക നഷ്ടമാണ് വിവിധ പഞ്ചായത്തുകൾക്ക് വന്നുകൊണ്ടിരിക്കുന്നത്.

ചെർക്കളയിൽ പല ബഹുനില കെട്ടിടങ്ങളും പി.ഡബ്ല്യു.ഡി റോഡിൻ്റെ സ്ഥലങ്ങളിലേക്ക് കയ്യേറി കിടക്കുന്നതായും ബഹുനില കെട്ടിടങ്ങൾക്ക് അത്യാവശ്യം വേണ്ട പാർക്കിംഗ് സ്ഥലം, റാമ്പ്, മഴവെളള സംഭരണി തുടങ്ങിയവ ഇല്ലാതെ അനുമതി നൽകിയതായും കണ്ടെത്തി. ചില കെട്ടിടങ്ങൾ ഒക്കുപ്പൻസി വാങ്ങിയതിന് ശേഷം പാർക്കിംഗ് ഏരിയ കച്ചവടത്തിന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മറ്റു ചില കെട്ടിടങ്ങൾ അനുമതിയില്ലാതെ നിർമ്മിച്ച് കച്ചവടം ചെയ്യുന്നതായും ചില കെട്ടിടങ്ങൾ ഒക്കുപ്പൻസി ലഭിച്ച് ഒന്ന് രണ്ട് വർഷങ്ങൾ കഴിഞ്ഞ് യാതൊരു അനുമതിയുമില്ലാതെ മുകളിൽ അധിക നില കൂടി പണിത് റൂമുകൾ വാടകക്ക് കൊടുത്തതായും വിജിലൻസ് കണ്ടെത്തി.

ഇത്തരം നിർമ്മാണങ്ങളിൽ പഞ്ചായത്തുകൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വന്നുകൊണ്ടിരിക്കുന്നത്. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയുടെയും അസി. എഞ്ചിനിയറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലമാണ് ഈ രീതിയിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത്.

വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഉത്തരമേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലെ മേൽനോട്ടത്തിലാണ് വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തിയത്. കുറ്റകാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ വിജിലൻസ് ഡയരക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.

0Shares