
വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
പീതാംബരൻ കുറ്റിക്കോൽ
മഞ്ചേശ്വരം / കാസർകോട്: സർക്കാർ ഭൂമി കയ്യേറിയ ശേഷം മറിച്ച് വില്പന നടത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം. മഞ്ചേശ്വരം താലൂക്കിലെ മുളിഞ്ച വില്ലേജിൽ(81) റിസർവ്വേ നമ്പർ: 37/19 പുഞ്ച, ബുറാക്ക് സ്ട്രീറ്റ് എന്ന സ്ഥലത്ത് ഏകദേശം മുക്കാൽ ഏക്കറോളം സർക്കാർ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി വർഷങ്ങളായി കൈവശം വെച്ചു. പിന്നീട് ഭാര്യയുടെ പേരിൽ ദാനാധാരമാക്കി വിൽപ്പന നടത്തുകയും ചെയ്തതായാണ് വിജിലൻസിൻ്റ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്.

കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ ഡിസംബർ 9ന് വെള്ളിയാഴ്‌ച ഉപ്പള മുളിഞ്ച ഗ്രൂപ്പ് വില്ലേജ് ഓഫിസിലും മഞ്ചേശ്വരം താലൂക്ക് ഓഫിസിലും സർക്കാർ ഭൂമി തട്ടിയെടുത്ത സ്ഥലത്തും മിന്നൽ പരിശോധന നടത്തി.
1936ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഈ പ്രദേശത്ത് ആദ്യമായി ഭൂമിയുടെ സർവ്വേ നടന്നത്. 2007 മെയ് മാസത്തിൽ കേരള സർക്കാർ റവന്യു വിഭാഗം റിസർവ്വേ പൂർത്തിയാക്കിയ ശേഷം അന്നത്തെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഭൂസ്വത്ത് സ്വന്തം പേരിലാക്കി. പ്രസ്‌തുത സ്ഥലം ഭാര്യയുടെ പേരിൽ സബ് രജിസ്ട്രാർ മുമ്പാകെ സമർപ്പിച്ച് ദാനാധാരമായി രജിസ്റ്റർ ചെയ്യുകയും 2255 തണ്ടപ്പേരിലാക്കി ഭാഗങ്ങളാക്കി വിൽപന നടത്തിയതായും വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തി.

സർക്കാർ ഭൂമി സ്വകാര്യ വ്യക്തി സ്വന്തമാക്കി വിൽപന നടത്തുന്നതുവരെയുള്ള വിവിധ നടപടിക്രമങ്ങളിൽ മുളിഞ്ച വില്ലേജ്, മഞ്ചേശ്വരം താലൂക്ക് റവന്യൂ ഉദ്യോഗസ്ഥർ, റീസർവ്വേ ഉദ്യോഗസ്ഥർ, മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്യായമായി കൂട്ടുനിന്നു. വൻതുക കൈക്കൂലി പ്രതിഫലം വാങ്ങിയാണ് ഉദ്യോഗസ്ഥർ ഭൂമി തട്ടിപ്പിന് ഒത്താശ ചെയ്‌തു കൊടുത്തതെന്നും വിജിലൻസ് സംഘം സംശയിക്കുന്നു.

ഉദ്യോഗസ്ഥർ സർക്കാരിനെ വഞ്ചിക്കുന്ന സംഭവങ്ങൾക്കെതിരെ വിജിലൻസ് നടപടികൾ കടുപ്പിച്ചിട്ടുണ്ട് . വിജിലൻസ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാൽ, മഞ്ചേശ്വരം റീസർവ്വേ സൂപ്രണ്ട് ആരീഫുദ്ദീൻ എം, വിജിലൻസ് സബ് ഇൻസ്പെക്ടർ ഈശ്വരൻ നമ്പൂതിരി അസി. സബ് ഇൻസ്പെക്ടർമാരായ മധുസൂദനൻ വി.എം, സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ രാജീവൻ.വി, ബിജു കെ.ബി എന്നിവരടങ്ങുന്ന സംഘമാണ് മിന്നൽ പരിശോധന നടത്തിയത്.
