വാഹനം മാറി പിഴശിക്ഷ ഈടാക്കുന്നതായി പരാതി; എ.ഐ ക്യാമറ സാധാരണക്കാർക്ക് തലവേദന, ഇത്തവണ പണികിട്ടിയത് പുണ്ടൂർ കല്ലിങ്കോൾ സ്വദേശിക്ക്

You are currently viewing വാഹനം മാറി പിഴശിക്ഷ ഈടാക്കുന്നതായി പരാതി; എ.ഐ ക്യാമറ സാധാരണക്കാർക്ക് തലവേദന, ഇത്തവണ പണികിട്ടിയത് പുണ്ടൂർ കല്ലിങ്കോൾ സ്വദേശിക്ക്

കാസർകോട്: എ.ഐ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിന് പകരം അഡ്രസ് മാറി പിഴ ഈടാക്കുന്നതായി കാസർകോട് ആർ.ടി.ഒ ഓഫിസ് പരിധിയിൽ പരാതി. എ.ഐ ക്യാമറ പകർത്തിയ ബൈക്ക് യാത്രക്കാരൻ്റെ ചിത്രത്തോടൊപ്പം കാർ ഉടമസ്ഥന് പിഴ അടക്കാനുള്ള നോട്ടീസാണ് പരിവാർ സൈറ്റിൽ ഉള്ളത്. സീറ്റ് ബെൽറ്റ് ധരിച്ചില്ല എന്ന് കാണിച്ച് 500 രൂപ പിഴശിക്ഷയാണ് നോട്ടീസിലുള്ളത്. പുണ്ടൂർ കല്ലിങ്കോൾ സ്വദേശിക്കാണ് നോട്ടീസ് ലഭിച്ചത്.

കാർ ഉടമസ്ഥൻ പറയുന്നത് ഇങ്ങനെ: ‘മൊബൈലിൽ മെസ്സേജ്‌ വന്നതോടെയാണ് പരിവാർ സൈറ്റിൽ പരിശോധിച്ചത്. അപ്പോഴാണ് ബൈക്ക് യാത്രക്കാരന് അയക്കേണ്ട പിഴ അഡ്രസ് മാറി എനിക്ക് വന്നത് എന്ന മനസ്സിലാകുന്നത്. ചിത്രത്തിൽ ബൈക്ക് യാത്രക്കാരനെ കാണാം.

എന്നാൽ ബൈക്കിലുള്ള നമ്പർ പൂർണ്ണമായും എ.ഐ ക്യാമറക്ക് ലഭിച്ചു കാണില്ല. ഒരു അക്കം മാറിയതോടെ അഡ്രസ് മാറി, ഇതോടെ ബൈക്ക് കാർ ആയി മാറി. ഉദ്യോഗസ്ഥർക്ക് എന്തുകൊണ്ട് ഇത്തരം പിഴവ് പരിഹരിക്കാനാകുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്’, പരാതിക്കാരൻ മുഹമ്മദ് നൗഫൽ പറയുന്നു.

‘ഫോട്ടോയും അഡ്രസ്സും വാഹനവും പരിശോധിച്ച് പിഴ ഈടാക്കുകയല്ലേ ചെയ്യേണ്ടത്? എല്ലാം എ.ഐ ക്യാമറയുടെ തലയിൽ കെട്ടിവെക്കുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് ഞങ്ങളെ പോലുള്ള സാധാരണക്കാരാണ്’ മുഹമ്മദ് നൗഫൽ പറഞ്ഞു.

‘എ.ഐ ക്യാമറ ചിത്രം പകർത്തിയ അന്നേദിവസ അഡ്രസ്സിൽ പറയുന്ന തൻ്റെ കാർ അറ്റകുറ്റ പണിക്കായി ഗ്യാരേജിൽ ആയിരുന്നു. നോട്ടിസിൽ പറയുന്നത് പോലെ പെർളയിലെക്ക് പോയിരുന്നില്ല’, പരാതിക്കാരൻ പറഞ്ഞു.

0Shares