
എട്ടുമാസമായി ശമ്പളം ലഭിക്കാത്ത ‘വീക്ഷണം’ ജീവനക്കാർ തിരുവോണനാളിൽ കൊച്ചി ഓഫീസിനുമുന്നിൽ പട്ടിണിസമരം നടത്തി. ഓണത്തിന് ഒരുമാസത്തെ ശമ്പളമെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷ പൊലിഞ്ഞതോടെയാണ് കോൺഗ്രസിന്‍റെ മുഖപത്രത്തിലെ ജീവനക്കാർ പ്രത്യക്ഷസമരത്തിന് ഇറങ്ങിയത്. രാവിലെമുതൽ ഉച്ചയ്‌ക്ക് ഒന്നരവരെ തെരുവിൽ പ്രതിഷേധിച്ചിട്ടും നേതൃത്വം തിരിഞ്ഞുനോക്കിയില്ല.
ശമ്പളകുടിശ്ശിക തീർക്കാനായി കെ.പി.സി.സി നൽകിയ 20 ലക്ഷവും പരസ്യക്കൂലി ഇനത്തിൽ പി.ആർ.ഡി നൽകിയ 18 ലക്ഷവും ചിലർ അടിച്ചുമാറ്റിയെന്നാണ് ജീവനക്കാരുടെ പരാതി. ലോക്ക്‌ഡൗൺ കാലത്ത് മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം മുടക്കരുതെന്ന് കോടതിയും സംസ്ഥാന സർക്കാരും നിർദേശിച്ചിരുന്നു.

കൊച്ചി, മലപ്പുറം, കോഴിക്കോട് എഡിഷനുകളിൽ ആറുമുതൽ എട്ടുമാസംവരെയായി ശമ്പളം ലഭിക്കാത്തവരുണ്ട്. കുടിശ്ശിക തീർക്കാൻ ധനലക്ഷ്‌മി ബാങ്കിൽനിന്ന് ഓവർ ഡ്രാഫ്‌റ്റ് എടുത്ത ഒരുകോടി രൂപയെക്കുറിച്ചും കെ.പി.സി.സിയിൽ തർക്കം നീളുന്നതല്ലാതെ ജീവനക്കാർക്ക് ഗുണമുണ്ടായിട്ടില്ല. വിഷയത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോ ഉമ്മൻചാണ്ടിയോ ഇടപെട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരിഹാരമുണ്ടാക്കട്ടെയെന്നു പറഞ്ഞ് ഇരുവരും കൈയൊഴിഞ്ഞതായും ജീവനക്കാർ പറയുന്നു.
പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വീക്ഷണം എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുകൂടിയായ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മാനേജ്‌മെന്റിന് നൽകിയ കത്തിൽ നടപടിയുണ്ടായിട്ടില്ല.
