
തിരുവനന്തപുരം: സര്‍ക്കാരിൻ്റെ അഴിമതിക്കെതിരെ റേഷൻകട മുതല്‍ സെക്രട്ടറിയേറ്റ് വരെ യു.ഡി.എഫ് സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സെപ്തംബര്‍ നാല് മുതല്‍ പതിനൊന്ന് വരെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. യു.ഡി.എഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റബ്ബര്‍ ഉള്‍പ്പെടെ എല്ലാ കാര്‍ഷിക മേഖലയും വലിയ തകര്‍ച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ദേവത്തിൻ്റെ സ്വന്തം നാട് എന്ന് പറയുന്ന കേരളത്തില്‍ തെരുവ് നായ്ക്കളുടെ ശല്യം കാരണം റോഡിലേയ്ക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് ഒരു നിര്‍ദേശവും മുന്നോട്ട് വയ്ക്കാനില്ല.

വ്യാജ സര്‍ട്ടിഫിക്കറ്റും വ്യാജ കോഴ്‌സുകളും വ്യാജ പി.എച്ച്.ഡിയുമൊക്കെയായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദയനീയമായി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും പ്ലസ് വണ്ണിന് അഡ്‌മിഷൻ കിട്ടാതെ വലയുകയാണ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷൻ അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. 3500 കോടിയുടെ കടമാണ്. കെ.എസ്.ആര്‍.ടി.സിയ്ക്കുണ്ടായ അതേ സ്ഥിതി സപ്ലൈക്കോയ്ക്കും ഉണ്ടാകാൻ പോവുകയാണ്.’- വി.ഡി സതീശൻ പറഞ്ഞു.
‘കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തകരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഒരു ആനുകൂല്യങ്ങളും നല്‍കാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. റേഷൻ വിതരണം സ്‌തംഭിച്ചു. രൂക്ഷമായ വിലക്കയറ്റത്തിലും സര്‍ക്കാര്‍ ഇടപെട്ടില്ല. അതുകൊണ്ട് റേഷൻ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ യു.ഡി.എഫിൻ്റെ സമരം സംഘടിപ്പിക്കാൻ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. സെപ്തംബര്‍ നാലാം തീയതി മുതല്‍ പതിനൊന്നാം തീയതി വരെ എല്ലാ പഞ്ചായത്തിലും കോര്‍പ്പറേഷൻ തലത്തിലും ഈ സര്‍ക്കാരിൻ്റെ അഴിമതിക്കെതിരായി ഞങ്ങള്‍ കാല്‍നട പ്രചരണ ജാഥ ഉള്‍പ്പെടെയുള്ള ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. 25000 വോളണ്ടിയര്‍മാര്‍ ഇതില്‍ പങ്കെടുക്കും.’- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
