
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പരിപാടിയിൽ ക്ലാസ് എടുക്കുന്നതിനിടെ മൈക്ക് ഓഫായപ്പോൾ മൂർഖനെ മൈക്കാക്കി ഉപയോഗിച്ച വാവ സുരേഷിൻ്റെ നടപടി വിവാദത്തിൽ.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. സംഭവത്തിൽ ആശുപത്രിക്കെതിരേയും വാവ സുരേഷിനെതിരേയും രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. പരിപാടിക്കെതിരെ രൂക്ഷമായ വിമർശനമാണ് വിദഗ്ധരുടെ ഭാഗത്തുനിന്നുണ്ടായത്.

മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനത്തിൽ പാമ്പുപിടുത്തത്തിൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായ പ്രവണതയല്ലെന്നും വിദഗ്ധർ പറയുന്നു. അശാസ്ത്രീയമായ രീതിയിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് വാവ സുരേഷ് എന്നും വിമർശനമുയർന്നു. ക്ലാസ് എടുക്കാനായി ജീവനുളള പാമ്പുകളെയാണ് വാവ സുരേഷ് കൊണ്ടുവന്നിരുന്നത്.
