
കാസര്‍കോട്: പടന്ന പഞ്ചായത്തിലെ ഓരിയിൽ ഇനി മീൻ രുചിയുടെ വൈവിധ്യം നിറയും. മത്സ്യ വകുപ്പിന്റെയും സാഫിന്‍റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ തീരമൈത്രി സീഫുഡ് റസ്റ്റോറന്റാണ് പടന്നയിലേത്. സംസ്ഥാന സർക്കാരിന്‍റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.

പടന്ന പഞ്ചായത്തിലെ വണ്ണാത്തൻ മുക്കിലുള്ള മീൻ രുചി തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റിൽ നടന്ന ജില്ലാതല ഉദ്ഘാടനം എം. രാജഗോപലൻ എം.എൽ.എ നിർവ്വഹിച്ചു. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി അസ്ലം അധ്യക്ഷനായി. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ.എം മുഹമ്മദ് റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം. മനു, ടി.രദില, എം.പി ഗീത, സാഫ് അസിസ്റ്റന്റ് നോഡൽ ഓഫീസർ സി.പി ഭാസ്‌കർ, മിഷൻ കോ ഓർഡിനേറ്റർ ലിബിൻ വിനോദ് എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സ്വാഗതവും സാഫ് നോഡൽ ഓഫീസർ കെ.വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് നഗര സഭയിലെ അടുക്കള സീഫുഡ് റസ്റ്റോറന്റ്, അജാനൂർ പഞ്ചായത്തിലെ സാന്ത്വനം സീഫുഡ് റസ്റ്റോറന്റ് എന്നിവയാണ് ജില്ലയിലെ മറ്റ് രണ്ട് സീ ഫുഡ് റെസ്റ്റോറന്റുകൾ. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ഇവിടുത്തെ വിഭവങ്ങൾക്ക് ലഭിയ്ക്കുന്നത്. പുതിയതായി പടന്ന പഞ്ചായത്തിലെ ഓരിയിൽ മീൻ രുചി തീരമൈത്രി സീഫുഡ് റസ്റ്റോറന്റ് കൂടി വരുന്നതോടെ കൂടുതൽ ആളുകളിലേക്ക് കടൽ വിഭവങ്ങളുടെ രുചി എത്തും.
ഉച്ചയൂണിന് മൂന്ന് തരം കടൽ വിഭവങ്ങൾ റസ്റ്റോറന്റുകളിൽ ലഭിക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് എട്ട് വരെ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ കല്ലുമ്മക്കായ, കക്ക തുടങ്ങിയ വിഭവങ്ങളും വിവിധ മീൻ വിഭവങ്ങളും ലഭിക്കും. മത്സ്യതൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള അഞ്ച് വനിതകളാണ് റസ്റ്റോറന്റുകൾ നടത്തുക.
