മലിനജലത്തെ ഫലപ്രദമായി സംസ്‌കരിക്കാന്‍ എല്ലാ കുടുംബങ്ങളിലും സോക്പിറ്റുകള്‍; സമ്പൂര്‍ണ ശുചിത്വ ഗ്രാമമാകാനൊരുങ്ങി വലിയപറമ്പ

  • Post category:local news
  • Reading time:2 mins read
You are currently viewing മലിനജലത്തെ ഫലപ്രദമായി സംസ്‌കരിക്കാന്‍ എല്ലാ കുടുംബങ്ങളിലും സോക്പിറ്റുകള്‍;  സമ്പൂര്‍ണ ശുചിത്വ ഗ്രാമമാകാനൊരുങ്ങി വലിയപറമ്പ

കാസർകോട് : മാലിന്യനിര്‍മാര്‍ജനത്തിനും ഗ്രാമീണ തൊഴില്‍ദിനങ്ങള്‍ നല്‍കുന്നതിലും മാതൃകയാവുകയാണ് വലിയപറമ്പ ഗ്രാമപഞ്ചായത്ത്. അടുക്കളയില്‍ നിന്നുള്ള മലിനജലത്തെ ഫലപ്രദമായി സംസ്‌കരിക്കാന്‍ എല്ലാ കുടുംബങ്ങളിലും സോക്പിറ്റുകള്‍ എന്ന ആശയം മുന്നോട്ടു വച്ച് ഫലപ്രാപ്തിയിലെത്തിയിരിക്കുകയാണ് വലിയപറമ്പ.

2021 ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ആരംഭിച്ച നിത്യമുക്തി ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിലൂടെയാണ് ഒരു വര്‍ഷം കൊണ്ട് 1610 വീടുകളില്‍ സോക്പിറ്റുകള്‍ നിര്‍മിച്ചത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ സോക്പിറ്റ് നിര്‍മാണം നടത്തുകവഴി കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കുന്നതിനും സാധ്യമായി.

ജില്ലയിലെ തനത് വരുമാനം ഏറ്റവും കുറവുള്ളതും ഏറ്റവും കുറഞ്ഞ ജനസംഖ്യ ഉള്ളതുമായ അതിമനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് വലിയപറമ്പ. ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് ടൂറിസം പദ്ധതിയുള്‍പ്പടെ നിരവധി ടൂറിസം പദ്ധതികള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമമായി മാറ്റുന്നതിനായാണ് പദ്ധതി നടപ്പിലാക്കിയത്. ഈ പശ്ചാത്തലത്തിലാണ് വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രത്യേക കാമ്പയിനായി ശുചിത്വത്തിനുള്ള നിത്യമുക്തി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

എല്ലാ വീടുകളിലും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി സോക്പിറ്റുകള്‍ നിര്‍മിച്ച് നല്‍കാന്‍ പഞ്ചായത്ത് തീരുമാനമെടുത്തു. ക്യാമ്പയിന്‍ ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ വലിയപറമ്പ ഗ്രാമപഞ്ചായത്തില്‍ 1610 സോക്പിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ഇത്തരമൊരു കാമ്പയിന്‍ ഏറ്റെടുക്കുന്നത്.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും 2021-22 സാമ്പത്തിക വര്‍ഷം സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയിലെ വ്യക്തിഗത ആസ്തികള്‍ വര്‍ധിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി വലിയപറമ്പ ഗ്രാമപഞ്ചായത്തിൻ്റെ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ച് കൊണ്ടാണ് 1500 സോക്ക്പിറ്റുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത് നിര്‍മ്മിക്കുക എന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് അതില്‍ കൂടുതല്‍ സോക്പിറ്റുകള്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്തിനായി. തുടര്‍ന്ന് പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, സെക്രട്ടറി കണ്‍വീനറായുള്ള പഞ്ചായത്ത് തല കോര്‍ ടീമിൻ്റെ നേതൃത്വത്തിലാണ് ഓരോ വാര്‍ഡിലും പ്രവര്‍ത്തികള്‍ നടത്തിയത്.

മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്. ടെക്‌നിക്കല്‍ ടീം ഓരോ ഗുണഭോക്താക്കള്‍ക്കുമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമയബന്ധിതമായി സാങ്കേതിക അനുമതി വാങ്ങിയെടുക്കുകയും ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ക്ക് തൂലിക എന്ന പേരില്‍ അഞ്ചു സ്ത്രീകളടങ്ങുന്ന ഒരു സ്വയം തൊഴില്‍ സംഘം രൂപികരിച്ച് അവര്‍ക്ക് പരിശീലനം നല്‍കി. അതുവഴി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പോകുന്ന വരുമാനം ഗ്രാമപഞ്ചായത്തിലെ തന്നെ വനിതകള്‍ക്ക് എത്തിക്കുന്നതിനും സാധിച്ചു.

0Shares