ഉത്രയുടെ കൊലപാതകം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്; സൂരജിന്‍റെ അച്ഛനും അറസ്റ്റിൽ; ഉത്രയുടെ ആഭരണങ്ങളുടെ ഒരുഭാഗം റബർതോട്ടത്തിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing ഉത്രയുടെ കൊലപാതകം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്; സൂരജിന്‍റെ അച്ഛനും  അറസ്റ്റിൽ; ഉത്രയുടെ ആഭരണങ്ങളുടെ ഒരുഭാഗം റബർതോട്ടത്തിൽ കുഴിച്ചിട്ട നിലയില്‍  കണ്ടെടുത്തു

കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിനി ഉത്രയെ മൂർഖനെക്കൊണ്ട്‌ കടിപ്പിച്ചുകൊന്ന കേസിൽ ഒന്നാം പ്രതിയും ഭർത്താവുമായ സൂരജിന്‍റെ അച്ഛൻ സുരേന്ദ്രപ്പണിക്കരെ അന്വേഷക സംഘം അറസ്റ്റ്‌ ചെയ്‌തു. സൂരജിന്‍റെ അടൂർ പറക്കോട്ടെ വീട്ടിൽനിന്ന്‌ തിങ്കളാഴ്‌ച രാത്രി 10നാണ്‌ കൊല്ലം റൂറൽ കൈംബ്രാഞ്ച്‌ ഡി.വൈ.എസ്.‌പി എ അശോകന്‍റെ നേതൃത്വത്തിൽ അറസ്റ്റ്‌ ചെയ്‌തത്‌. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനെ തുടർന്നാണ്‌ അറസ്റ്റ്‌‌.

സ്‌ത്രീധനമായി ഉത്രയുടെ അച്ഛനമ്മമാർ നൽകിയ സ്വർണം ഒളിപ്പിക്കാൻ‌ സുരേന്ദ്രപ്പണിക്കർ സൂരജിനെ സഹായിച്ചതായി സമ്മതിച്ചു. വീടിനു സമീപത്തെ റബർതോട്ടത്തിൽ കുഴിച്ചിട്ട നാൽപ്പതോളം പവൻ സുരേന്ദ്രപ്പണിക്കരുടെ സാന്നിധ്യത്തിൽ അന്വേഷക സംഘം തിങ്കളാഴ്‌ച രാത്രി കണ്ടെടുത്തു. വിവാഹസമയത്ത്‌ 99 പവനാണ്‌ സൂരജിന്‌ നൽകിയത്‌.

പിന്നീട്‌ കുഞ്ഞിന്‍റെ ചരടുകെട്ട്‌ ചടങ്ങിനു ലഭിച്ച 12 പവനും സൂരജിന്‍റെ കൈവശമാണ്‌. അച്ഛൻ സുരേന്ദ്രപ്പണിക്കർക്ക്‌ എല്ലാം അറിയാമെന്ന്‌ ചോദ്യംചെയ്യലിൽ സൂരജ്‌ പോലീസിനോട്‌ പറഞ്ഞിരുന്നു.

സ്വർണത്തിൽ ഒരുപങ്ക്‌ വീട്ടുകാർക്ക്‌ കൊടുത്തെന്നും സൂരജ്‌ വെളിപ്പെടുത്തിയിരുന്നു. സൂരജിന്‍റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ചോദ്യം ചെയ്‌തുവരുന്നു. സ്വർണാഭരണങ്ങൾ ബാങ്ക്‌ ലോക്കറിൽനിന്ന്‌ മാർച്ച്‌ രണ്ടിനാണ്‌‌ സൂരജ്‌ എടുത്തത്‌. അന്നു‌ രാത്രിയിലാണ്‌ സൂരജിന്‍റെ അടൂർ പറക്കോട്ടെ വീട്ടിൽ ഉത്രയെ ആദ്യം പാമ്പുകടിച്ചത്‌.

സൂരജ്‌ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചതാണെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പാമ്പുകടിയേറ്റ്‌ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തിൽനിന്ന്‌ 12 പവൻ സൂരജ്‌ ഊരിയെടുത്തതായി അന്വേഷകസംഘത്തിന്‌‌ വിവരം ലഭിച്ചിട്ടുണ്ട്‌.

0Shares