പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്ര മോഡൽ കൊലപാതകം രാജസ്ഥാനിലും; പുതിയ ട്രെൻഡെന്ന് സുപ്രീംകോടതി

  • Post category:news
  • Reading time:1 min read
You are currently viewing പാമ്പിനെ കൊണ്ട് കടിപ്പിച്ച്  ഉത്ര മോഡൽ കൊലപാതകം രാജസ്ഥാനിലും; പുതിയ ട്രെൻഡെന്ന് സുപ്രീംകോടതി

പാമ്പാട്ടിയുടെ കൈയ്യിൽ നിന്നും വാങ്ങിയ പാമ്പിനെ കൊണ്ട് കടിപ്പിച്ച് സ്ത്രീയെ കൊലപ്പെടുത്തി പാമ്പ് കടിയേറ്റുള്ള മരണമാക്കി തീർക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചു. സുപ്രീംകോടതിയാണ് രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ 2019ൽ നടന്ന കൊലപാതകത്തിലെ പ്രതിയായ കൃഷ്ണകുമാറിന് ജാമ്യം നിഷേധിച്ചത്.

ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ജാമ്യഹർജി തള്ളിയത്. ഈയടുത്തായി പാമ്പാട്ടികളിൽനിന്ന് വിഷമുള്ള പാമ്പിനെ വാങ്ങി ആളുകളെ കൊല്ലുന്നത് പുതിയ ട്രെൻഡായിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ രാജസ്ഥാനിൽ സാധാരണമായിരിക്കുകയാണെന്നും ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

അതേസമയം, കൃഷ്ണകുമാറിനെതിരേ നേരിട്ടുള്ള തെളിവുകളില്ലെന്നും എഞ്ചിനീയറിങ് വിദ്യാർഥിയായതിനാൽ ഭാവിയെ കരുതി ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിക്ക് വേണ്ടി ഹാജരായ ആദിത്യ ചൗധരി വാദിച്ചത്. എന്നാൽ പ്രതിഭാഗത്തിൻ്റെ വാദങ്ങളെല്ലാം തള്ളിയ കോടതി, പ്രതിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. 2019 ജൂൺ രണ്ടിനാണ് രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ സുബോദ ദേവി പാമ്പ് കടിയേറ്റ് മരിച്ചത്. കേരളത്തിലെ ഉത്ര വധക്കേസിന് സമാനമായ സംഭവങ്ങളാണ് പിന്നീട് ഇവിടെയും സംഭവിച്ചത്.

സുബോദ ദേവിയുടെ മകൻ്റെ ഭാര്യയായ അൽപനയും കാമുകൻ മനീഷും കൃഷ്ണകുമാറിൻ്റെ സഹായത്തോടെ വാങ്ങിയ പാമ്പിനെ കൊണ്ട് സുബോദ ദേവിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. സുബോദ ദേവിയുടെ മരണത്തിന് പിന്നാലെ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് വലിയ കുറ്റകൃത്യം മറനീക്കിയത്.

0Shares