
2023ല്‍ ചൈനയെ മറികടന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാകുമെന്ന് യു.എന്‍ റിപ്പോർട്ട്. ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടാണ് ഇക്കാര്യം പ്രവചിക്കുന്നത്. ആഗോള ജനസംഖ്യ നവംബര്‍ പകുതിയോടെ എട്ട് ബില്യനിലേക്കും 2030ല്‍ ഏകദേശം 8.5 ബില്യനിലേക്കും 2050ല്‍ 9.7 ബില്യനിലേക്കും എത്തുമെന്ന് യു.എന്‍ ഡിപാര്‍ട്മെന്റ് ഓഫ് ഇകണോമിക് ആൻഡ് സോഷ്യല്‍ അഫയേഴ്സ് പോപുലേഷന്‍ ഡിവിഷനിലെ വേള്‍ഡ് പോപുലേഷന്‍ പ്രോസ്പെക്ട്സ് -2022 പറയുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ ജനസംഖ്യ വളരുന്നു. 2080-കളില്‍ അത് ഏകദേശം 10.4 ബില്യനായി ഉയരുമെന്നും 2100 വരെ ആ നിലയില്‍ തുടരുമെന്നും പ്രവചിക്കുന്നു. ഈ വര്‍ഷത്തെ ലോക ജനസംഖ്യാ ദിനം (ജൂലൈ 11) ആചരിക്കുമ്പോൾ ഭൂമിയിലെ ജനസംഖ്യ എട്ട് ബില്യൻ (800 കോടി) കടക്കുമെന്ന പ്രതീക്ഷയിലാണ്.

നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും നമ്മുടെ പൊതു മാനവികതയെ തിരിച്ചറിയാനും ആരോഗ്യരംഗത്തെ പുരോഗതി വിലയിരുത്താനുമുള്ള അവസരമാണിത്, ആയുസ് വര്‍ധിപ്പിക്കുകയും മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുകയും ചെയ്തു എന്ന് യു.എന്‍ സെക്രടറി ജനറല്‍ അന്റോണിയോ ഗുടെറസ് പറഞ്ഞു.
അതേസമയം, നമ്മുടെ ഗ്രഹത്തെ പരിപാലിക്കാനുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്തത്തിൻ്റെ ഓര്‍മപ്പെടുത്തലാണിത്, പരസ്പരം നമ്മുടെ പ്രതിബദ്ധതയില്‍ നിന്ന് നമ്മള്‍ ഇപ്പോഴും എവിടെയാണ് വീഴുന്നതെന്ന് ചിന്തിക്കാനുള്ള ഒരു നിമിഷമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
