
ഉദുമ / ഹൊസ്ദുർഗ് / കാസർകോട്: പ്രമാദമായ ഉദുമ പടിഞ്ഞാർ കൂട്ട ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന പ്രതി ഷെക്കീൽ കല്ലിങ്കാലിനെ (27) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വിനീഷ് കുമാറാണ് ഷെക്കീലിനെ ഉദുമയിലെ സ്വന്തം വീട്ടിൽ നിന്ന് പുലർച്ചെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്തത്. മൊത്തം 21 പ്രതികളുള്ള ഈ കൂട്ടബലാത്സംഗ കേസിൽ ഷെക്കീലിൻ്റെ അറസ്‌റ്റിനോട് കൂടി പത്ത് പ്രതികൾ ജയിലിലായി.
ശേഷിച്ച പതിനൊന്ന് പ്രതികൾ ഗൾഫിലും നാട്ടിലുമായി ഒളിവിലാണുള്ളത്. ഇവരിൽ ഏഴുപ്രതികൾ ഗൾഫിലും നാല് പ്രതികൾ ബംഗളൂരിലും ഒളിവിലാണ്. അതിജീവിതയായ യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്ന 2015 മുതൽ 2018 വരെയുള്ള മൂന്ന് വർഷക്കാലം ഉദുമ പടിഞ്ഞാറുള്ള ഭർതൃവീടിൻ്റെ ഒന്നാം നിലയിൽ കിടന്നുറങ്ങുകയായിരുന്ന അതിജീവിതയെ കേസ്സിലെ 21 പ്രതികളും മാറി മാറി ഓരോ രാത്രികളിലും മൂന്നുവർഷക്കാലം ബലാത്സംഗം ചെയ്ത പ്രമാദമായ കേസാണിത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾ അബ്ദുൾ റഹിമാൻ, മുനീർ കെ.വി, അഷ്റഫ് പച്ചേരി എന്നിവരെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്‌തിട്ടുണ്ട്.
ഉദുമ പീഡനക്കേസില്‍ എട്ട് പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. സംഭവം അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതോടൊപ്പം പ്രതികൾ അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിലാണെന്ന സംസ്ഥാനത്തിന്‍റെ വാദവും കോടതി അംഗീകരിച്ചു.
രാത്രിയില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നതാണ് കേസിന് ആസ്‌പദമായ സംഭവം. എട്ടുമാസം പ്രായമായ കുഞ്ഞിനൊപ്പം ഭര്‍തൃവീട്ടില്‍ താമസിക്കുന്ന യുവതിയെ 2016ല്‍ 21 പ്രതികള്‍ രാത്രിയില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്.
സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവ് ഖത്തറിലായിരുന്നു. യുവതിയുടെ പരാതിയില്‍ 2020 ഓഗസ്റ്റ് 31ന് ബേക്കല്‍ പൊലീസാണ് ആദ്യം കേസെടുത്തത് അന്വേഷണം നടത്തിയത്. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് യുവതി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നല്‍കി. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയായിരുന്നു.
