
ദുബായ്: കാസർകോട് തായലങ്ങാടി സ്വദേശിയായ ഡോ.മുഹമ്മദ് നൗഷാദിന് യു.എ.ഇ യുടെ സുവർണസമ്മാനം.കോവിഡ് – 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് യു.എ.ഇ യുടെ ഗോൾഡൻ വിസ പുരസ്ക്കാരം നൗഷാദിന് ലഭിച്ചത്. 212 ഡോക്ടർമാർക്കാണ് ഗോൾഡൻ വിസ ലഭിച്ചത്.ദുബായ് ആരോഗ്യ വിഭാഗത്തിന്‍റെ കീഴിൽ സേവനമനുഷ്ടിക്കുന്നവർക്കാണ് ഗോൾഡൻ വിസ നൽകിയത്.

കാഞ്ഞങ്ങാട് സ്വദേശിയായ ഡോ.അബ്ദുൽ റഹ്മാൻ അടക്കമുള്ള ഏതാനും മലയാളി ഡോക്ടർമാർക്കും ഗോൾഡൻ വിസ ലഭിച്ചവരിൽ പെടും. ആറ് വർഷമായി നൗഷാദ് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കീഴിലുള്ള റാഷിദ് എയർ പോർട്ട് മെഡിക്കൽ സെന്ററിൽ സേവനമനുഷ്ടിക്കുകയാണ്. നാല് വർഷത്തോളം കണ്ണുർ പരിയാരം മെഡിക്കൽ കോളേജ്, ഒരു വർഷം കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ച നൗഷാദ് സൗദി അറേബ്യയിലെ മക്ക അസീസിയ ആശുപത്രിയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
തായലങ്ങാടി ടവർ ക്ലോക്കിന് സമീപത്താണ് വീട്. ഭാര്യ നദീറ ബായിക്കര, വിദ്യാർത്ഥികളായ അബ്ദുല്ല ഇനാസ്, ഇഹ്സാൻ മുഹമ്മദ് നൗഷാദ്, ജമീല ഇഫ എന്നിവർ മക്കളാണ്.പരേതനായ തായലങ്ങാടിയിലെ ഡോ. അന്തുഞ്ഞി ഹാജിയുടെയും തായലങ്ങാടിയിലെ ജമീല അഹമ്മദ് കുന്നിലിന്‍റെയും മകനാണ്.
