
കാസര്‍കോട്: പള്ളം റെയില്‍വെ ട്രാക്കിന് സമീപം രണ്ട് യുവാക്കളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങളില്‍ നിന്ന് കണ്ടെത്തിയ നാല് മൊബൈല്‍ ഫോണുകളില്‍ രണ്ടെണ്ണം കാസര്‍കോട്ട് നിന്ന് മോഷണം പോയതാണെന്ന് വ്യക്തമായി.
നെക്രാജെ പൂക്കൈമൂല എസ്.എസ്.എ മന്‍സിലിലെ മുഹമ്മദ് സഹീർ(18) ബദിയടുക്ക, ബീജന്തടുക്ക പരേതനായ ഇബ്രാഹിമി നിഹാൽ (20) എന്നിവരാണ് മരിച്ചത്. സഹീറിൻ്റെ ഉമ്മ ആമിന കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. സാദിഖാണ് സഹീറിൻ്റെ പിതാവ്.
ചൊവാഴ്‌ച രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഒരു മൃതദേഹം റെയില്‍വെ ട്രാക്കിലും മറ്റൊന്ന് ട്രാക്കിനരികിലും കിടക്കുന്ന നിലയിലാണ് കണ്ടത്.

ഇത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ റെയില്‍വെ പൊലീസിലും കാസര്‍കോട് പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
മൃതദേഹങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. നാല് മൊബൈല്‍ ഫോണുകള്‍ മൃതദേഹങ്ങളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മറ്റ് രേഖകളൊന്നും ഉണ്ടായിരുന്നില്ല.

ഫോണുകള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചവയാണെന്ന് വ്യക്തമായി. കാസര്‍കോട് പരിധിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളുടേതാണ് ഈ ഫോണുകളെന്നാണ് വിവരം.
തിങ്കളാഴ്‌ച രാത്രിയാണ് മൊബൈല്‍ ഫോണുകള്‍ മോഷണം പോയത്. ഇതുസംബന്ധിച്ച് തമിഴ്‌നാട് സ്വദേശികള്‍ രാത്രി വൈകി കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേര്‍ തീവണ്ടി തട്ടിമരിച്ചതായുള്ള വിവരം പൊലീസിന് ലഭിച്ചത്. യുവാക്കള്‍ എങ്ങനെ തീവണ്ടി തട്ടി മരിച്ചുവെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കാസർകോട് പോലീസ് അന്വേഷണം ഊർജിതമാക്കി.
