സാമ്പത്തിക തര്‍ക്കം; പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ, പോലീസ് അന്വേഷണം ഊർജിതമാക്കി

You are currently viewing സാമ്പത്തിക തര്‍ക്കം; പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ  കസ്റ്റഡിയിൽ, പോലീസ് അന്വേഷണം ഊർജിതമാക്കി

കാസർകോട്: പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാസർകോട്, പുത്തിഗെ മുഗുറോഡിലെ അബ്ദുള്‍ റഹ്‌മാൻ്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (34) ആണ് ഞായറാഴ്‌ച കൊല്ലപ്പെട്ടത്. സിദ്ദീഖിൻ്റെ സഹോദരന്‍ മുഗുറോഡിലെ അന്‍വറിനെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടംഗ സംഘമാണ്‌ കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് ബന്ധമില്ലാത്ത രണ്ടുപേരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം.

“മുഴുവൻ പ്രതികളെയും ഉടൻ പിടികൂടാനാകുമെന്നും പ്രത്യേക സംഘം അന്വേഷണം ഊർജിതമായി നടത്തുന്നുണ്ട്.” കാസർകോട് ജില്ലാ പോലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന ഐ.പി.എസ്‌ ചാനൽ ആർ.ബിയോട് പറഞ്ഞു.

കൊല്ലപ്പെട്ട സിദ്ദിഖുമായി ബന്ധപ്പെട്ട് ഒരു സംഘം സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. ഇതില്‍ തിരിമറി നടത്തിയതാണ് കൊലക്ക് കാരണമെന്ന് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. സിദ്ദീഖിൻ്റെ സഹോദരനെയും അടുത്ത ബന്ധുവായ യുവാവിനെയും രണ്ട് ദിവസം മുമ്പ് പൈവളിഗെയിലെ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ വിട്ടയക്കണമെങ്കില്‍ സിദ്ദിഖ് നാട്ടിലേക്ക് എത്തണമെന്നായിരുന്നു ഡിമാന്‍ഡ്. ഇതുപ്രകാരം ഞായറാഴ്‌ച ഉച്ചയോടെ നാട്ടിലെത്തിയ സിദ്ദീഖിനെ പൈവളിഗെ ബോളങ്കല ഗ്രൗണ്ടില്‍ തട്ടിക്കൊണ്ട് പോയശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

മംഗളൂരുവില്‍ വിമാനം ഇറങ്ങി ഉച്ചയോടെ നാട്ടിലെത്തിയ സിദ്ദീഖ്, സംഘത്തിൻ്റെ കസ്റ്റഡിയിലായതോടെ സഹോദരനെയും ബന്ധുവിനെയും വിട്ടയച്ചിരുന്നു. ക്രൂരമര്‍ദനത്തിനിരയായ സഹോദരന്‍ അന്‍വറിനെയും അന്‍സാരിയെയും മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് യുവാക്കള്‍ ഒരു കാറിലാണ് മൃതദേഹം സിദ്ദീഖിനെ ആശുപത്രിയിലെത്തിച്ച്‌ ഉപേഷിച്ചതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

മര്‍ദ്ദനത്തിനിടയില്‍ നെഞ്ചില്‍ ചവിട്ടിയതാണ് മരണ കാരണമെന്നാണ് നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ ഇത് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു. തിങ്കളാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി.

0Shares