
മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന എ. ബി വാജ്‌പേയ് ബീഫ് കഴിച്ചെന്ന പരാമര്‍ശമുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് വെബ് എഡിഷനില്‍ രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍. അസോസിയേറ്റ് എഡിറ്റര്‍ കെ. പി റഷീദിനെയും സബ് എഡിറ്റര്‍ ജിതിരാജിനെയുമാണ് പുറത്താക്കിയത്. റഷീദിന് ഒരു മാസമാണ് ശമ്പളമില്ലാത്ത സസ്‌പെന്‍ഷന്‍.

പത്രപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌ക്കര്‍ മാധ്യമം വാരികയില്‍ എഴുതുന്ന ആത്മകഥയിലെ ഒരു ഭാഗമാണ് ഏഷ്യാനെറ്റ് വെബ് എഡിഷന്‍ വാര്‍ത്തയാക്കിയത്. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ ഇത് ശ്രദ്ധയില്‍പെടുത്തിയതോടെ ചാനല്‍ ഉടമയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍ നേരിട്ടാണ് നടപടിയ്‌ക്ക് നിര്‍ദേശം നല്‍കിയത്. ചാനലിന്‍റെ വാര്‍ത്താ സംബന്ധമായ കാര്യങ്ങളില്‍ രാജീവ് ചന്ദ്രശേഖര്‍ ഇടപെടാറേ ഇല്ലെന്നു എഡിറ്റര്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് ഈ നടപടി.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയ ആത്മകഥയിലെ ഉള്ളടക്കം ഇങ്ങിനെ:
‘ഇന്ത്യന്‍ പത്ര പ്രതിനിധികള്‍ക്ക് വാജ്‌പേയി ഒരു ദിവസം ഉച്ചഭക്ഷണം നല്‍കി. ഒരു പതിറ്റാണ്ട് മുന്‍പ് വഡോദരയില്‍ ജനസംഘത്തിന്‍റെ ദേശീയ കൗണ്‍സില്‍ സമ്മേളനം നടക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്നു.
അന്ന് വിളമ്പിവെച്ച ഭക്ഷണത്തിന് മുന്നിലിരുന്ന് ഗായത്രീമന്ത്രം ഉരുവിട്ട ശേഷമാണ് വാജ്‌പേയിയും മറ്റ് സംഘ നേതാക്കളും ആഹാരം കഴിച്ചത്.
കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അവിടത്തെ രീതിയില്‍ വാജ്‌പേയിയും ഞങ്ങളും ഭക്ഷണം കഴിച്ചു.
മുമ്പിലിരുന്ന ഒരു പാത്രത്തിലെ വിഭവം വാജ്‌പേയി കോരി സ്വന്തം പ്ലേറ്റിലിട്ടപ്പോള്‍ തൊട്ടപ്പുറത്തിരുന്ന ലേഖകന്‍ അദ്ദേഹത്തോട് പറഞ്ഞു” പണ്ഡിറ്റ് ജീ അത് ബീഫാണ്” വാജ്‌പേയി പുഞ്ചിരിച്ചുകൊണ്ട് പ്രതിവചിച്ചു: ” ഇത് ഇന്ത്യന്‍ പശു അല്ല” -ബി.ആര്‍.പി ഭാസ്‌ക്കര്‍ എഴുതുന്നു.
