
കൊച്ചി: അരളി പൂവ് കഴിച്ചെന്ന സംശയത്തിൽ രണ്ട് സ്‌കൂൾ വിദ്യാര്‍ത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലയിലെ ഒരു ഗവ. ഹൈസ്‌കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയത്.
വെള്ളിയാഴ്‌ച രാവിലെ ക്ലാസിൽ വച്ച് തലവേദനയും ഛർദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സിഎച്ച്സിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. വീട്ടിൽ നിന്നും വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടർമാരോട് പറഞ്ഞത്.

വിദ്യാർത്ഥികളുടെ രക്ത സാമ്പിളുകൾ വിദഗ്‌ധ പരിശോധയ്ക്ക് നൽകിയിട്ടുണ്ട്. 24 മണിക്കൂർ കർശന നിരീക്ഷണത്തിന് ശേഷം തുടർ ചികിത്സാ കാര്യത്തിൽ തീരുമാനം എടുക്കാനാണ് മെഡിക്കൽ ബോർഡിൻ്റെ നിർദേശം.
ആഴ്‌ചകള്‍ക്ക് മുൻപ് അബദ്ധത്തില്‍ അരളിപ്പൂവ് കഴിച്ച 24 വയസ്സുള്ള സൂര്യ സുരേന്ദ്രൻ എന്ന പെൺകുട്ടി വിമാന താവളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്നു ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അരളി ചെടിയുടെ നീര് ഉള്ളിൽ ചെന്നതാവാം കാരണമെന്നും ഡോക്ടർമാർ അറിയിച്ചു.
