
കാഞ്ഞങ്ങാട് / കാസർകോട്: കടയിൽ നിന്നും വെള്ളം ചോദിച്ചു വാങ്ങിയതിന് ശേഷം കടയുടമയുടെ ഭാര്യയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ചു ബൈക്കിൽ കയറി രക്ഷപ്പെട്ട പ്രതികൾ അറസ്റ്റിൽ. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ മടിക്കൈ ചതുരക്കിണർ സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം. കോട്ടിക്കുളം, വെടിത്തറക്കാൽ, ഫാത്തിമ ക്വാർട്ടേഴ്‌സ്, കെ.എം ഹനീഫയുടെ മകൻ മുഹമ്മദ് ഇജാസ് എം.കെ (24), പനയാൽ വില്ലേജിൽ പാക്കം, ചേർക്കാപ്പാറ, ഹസ്‌ന മാൻസിൽ, മുഹമ്മദ് ഹനീഫയുടെ മകൻ ഇബ്രാഹിം ബാദുഷ (24) എന്നിവരാണ് അറസ്റ്റിലായത്.
‘സംഭവം നടന്ന് ദിവസങ്ങൾക്കകം ഹൊസ്ദുർഗ് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി ഷൈൻ, എസ്.ഐ രാജീവൻ, എ.എസ്.ഐ അബുബക്കർ കല്ലായി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, ഷൈജു മോഹൻ സിവിൽ പോലീസ് ഓഫീസർമാരായ അജിത്, രജീഷ്, നികേഷ്, ഷാജു, ജിനേഷ്, ഷജീഷ്,പ്രണവ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു’- ഹൊസ്ദുർഗ് ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ നായർ ചാനൽ ആർ.ബിയോട് പറഞ്ഞു

‘അന്വേഷണത്തിൻ്റെ ഭാഗമായി കവർച്ചാ കേസുകളിൽ സംശയിക്കുന്ന ഒട്ടനവധി ആളുകളെ സൂക്ഷ്‌മ നിരീക്ഷണം നടത്തി. രാവും പകലുമായി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും 480 ഓളം സി.സി.ടി.വി ക്യാമറകൾ സംഘം പരിശോധിച്ചു. സംഭവം നടന്ന് പത്തുദിവസത്തിനകം തന്നെ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തപ്പോൾ പലസ്ഥലങ്ങളിലായി ചെയ്‌ത നിരവധി കുറ്റകൃത്യങ്ങൾ ഒന്നൊന്നായി പ്രതികൾ സമ്മതിച്ചു’- ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായർ പറഞ്ഞു.
ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ കരുവിഞ്ചിയം എന്ന സ്ഥലത്ത് നിന്നും ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച കേസ്, 26/3/23 തീയതി ബന്തടുക്ക, പടുപ്പ് ആയുർവേദ മരുന്ന് കടയുടെ അകത്തുകയറി മാർച്ച് 26ന് സ്ത്രീയുടെ മാല പൊട്ടിച്ച കേസ്, ചേരിപ്പാടി നാഗത്തിങ്കാൽ എന്ന സ്ഥലത്ത് ഓഗസ്റത് ആറിന് നടന്ന മാല പൊട്ടിക്കൽ കേസ്, എന്നിങ്ങനെ വിവിധ സ്റ്റേഷനുകളിൽ പോലീസ് രജിസ്റ്റർ ചെയ്‌ത കേസുകളിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
മംഗലാപുരം കങ്കനാടി പോലീസ് സ്റ്റേഷൻ, ബന്ദർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നടന്ന മൂന്ന് ബൈക്ക് മോഷണം. കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണം എന്നിവ ചെയ്തത് പ്രതികൾ ആണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
17 -മത്തെ വയസ്സിൽ മോഷണം തുടങ്ങിയ മുഹമ്മദ് ഇജാസിൻ്റെ പേരിൽ എറണാകുളം, കോഴിക്കോട് കണ്ണൂർ. കാസർകോട് ജില്ലകളിൽ മയക്കുമരുന്ന് വിതരണം ഉൾപ്പെടെ ആറ് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇബ്രാഹിം ബാദുഷയും 17 -മത്തെ വയസിൽ തന്നെ മോഷണം തുടങ്ങിയതായും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ കൂടാതെ മംഗലാപുരം എന്നിവിടങ്ങളിലായി 12 മോഷണ കേസുകൾ ഉണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
