
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കാർഡ് കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് കണ്ടെടുത്തത് 24 വ്യാജ തിരിച്ചറിയൽ കാർഡ്. അറസ്റ്റിലായ അഭി വിക്രമൻ, ബിനിൽ എന്നിവരുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമാണ് കാർഡ് കണ്ടെടുത്തത്. വ്യാജ കാർഡുകൾ പരസ്പരം കൈമാറിതിനും തെളിവ് ലഭിച്ചതായി പൊലീസ് പറയുന്നു.
കോൺഗ്രസ് നീചമായ പാർട്ടിയാണെന്നും വി.ഡി സതീശൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ വ്യാജ കാർഡ് ഉണ്ടാക്കിയത് അറിഞ്ഞിട്ടും കൂട്ടുനിന്നുവെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു. കേരള പോലീസ് അന്വേഷണം പര്യാപ്‌തമല്ലെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടി വരുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

പിടിച്ചെടുത്ത കാർഡുകൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർ നടപടിയുണ്ടാകും. കേസിൽ അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പങ്കുണ്ടെന്നും സംശയമുണ്ട്. അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും. സംശയ നിഴലിലുള്ള പലരും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
കേസിൽ ഇതുവരെ പിടിയിലായവരെല്ലാം തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിശ്വസ്തരാണ്. അതേസമയം, അറസ്റ്റിലായവർക്ക് പാർട്ടി ഒരു സഹായവും ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.
നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്‌തത്. പത്തനംതിട്ട പന്തളം സ്വദേശികളായ അഭി വിക്രം, ബിനിൽ, ഫെനി, ബിനിൽ, വികാസ് കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയാണ് അഭി. കെ.എസ്.യു അടൂർ മുൻ മണ്ഡലം പ്രസിഡണ്ടാണ് ഫെനി. ബിനിൽ കെ.എസ്.യു ഏഴംകുളം മുൻ മണ്ഡലം പ്രസിഡണ്ടാണ്.
