
സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ള യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 6 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും

തിരുവനന്തപുരം കോർപ്പറേഷന്‍റെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക.ജില്ലയിൽ ഈ ദിവസങ്ങളിൽ ജനങ്ങളെല്ലാം അവരവരുടെ വീട്ടിൽ തന്നെ തുടരണം എന്നാണ് ട്രിപ്പിൾ ലോക്ക്ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.
ലോക്ക് ഡൌൺ ദിവസങ്ങളിൽ കടകൾ പ്രവർത്തിക്കുമെന്നും എന്നാൽ ജനങ്ങൾ നേരിട്ട് പോയി വാങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അതിന് പകരം അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ട്രിപ്പിൾ ലോക്ക്ഡൗണിനെ തുടർന്ന് തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടയ്ക്കും. സെക്രട്ടേറിയറ്റും ഓഫീസുകളും പ്രവർത്തിക്കില്ല. നഗരത്തിലേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഒറ്റ വഴി മാത്രമാകും തുറന്നിടുക.
