
സ്‌പെഷ്യൽ റിപ്പോർട്ട്
കാസർകോട് : ജില്ലയിൽ കോവിഡ് വ്യാപനം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. ശരിയായി പറഞ്ഞാൽ ആദ്യ കോവിഡ് കാസർകോട് സ്ഥിരീകരിക്കുന്നത് മാർച്ച് മാസമാണ്. പിന്നീട് അങ്ങോട്ട് കാസർകോട് ജില്ല കോവിഡിന്‍റെ കേന്ദ്രമായി മാറി. നിരവധി കോവിഡ് രോഗികൾ. കാസർകോട്ടെ പ്രധാന ആശുപത്രികൾ എല്ലാം സർക്കാരിന്‍റെ നിർദേശത്തിനായി കാത്തുനിന്നു. കാസർകോട് ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റി. കോവിഡ് വ്യാപനത്തെ തുടർന്ന് വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാൻ സർക്കാർ നിർദേശിച്ചു. ബസ്സോട്ടം നിലച്ചു. നാടാകെ സ്തംഭിച്ചു. രാജ്യവ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുന്നേ അങ്ങനെ കാസർകോട് നഗരം അടഞ്ഞു.

ആളും അനക്കവുമില്ലാതെ അങ്ങനെ നിരവധി ദിവസങ്ങൾ. ആദ്യം ആരും കോവിഡിനെ അത്ര ഗൗരവമായി കണ്ടില്ല. വാർത്തകളിൽ കാണുന്നു ചൈന, ഇറ്റലി, അമേരിക്ക. നമ്മുടെ നാട്ടിലും ഇത് എത്തുമെന്ന് ആരും കരുതിയില്ല. വ്യാപാരികളാകട്ടെ റംസൻ- ചെറിയ പെരുന്നാൾ സീസൺ മുന്നിൽ കണ്ട് കടകളിൽ സ്റ്റോക്ക് വർദ്ധിപ്പിച്ചിരുന്നു. ചിലർ ആസമയങ്ങളിൽ പോലും മുബൈ, ബംഗളുരു, തിരിപ്പുർ എന്നിടങ്ങളിൽ പർച്ചേസ് നടത്തികൊണ്ടേയിരുന്നു.
ഭാര്യയുടെ സ്വർണ്ണം പണയപ്പെടുത്തിയും കടംവാങ്ങിയും വലിയ സ്വപ്‌നങ്ങൾ കണ്ട് കടകളിൽ സ്റ്റോക്ക് വർദ്ധിപ്പിച്ച വ്യാപാരികൾ. കിട്ടാവുന്നിടത്തുനിനെല്ലാം കടങ്ങൾ വാങ്ങി. കച്ചവടത്തിനായി ഒരുമാസത്തെ തിരിമറിക്ക് സുഹൃത്തിന്‍റെ ഭാര്യയുടെ സ്വർണ്ണം പണയം വെച്ചവർ. പെങ്ങളുടെ സ്വർണ്ണം പണം വെച്ചവർ. ഭാര്യ വീട്ടുകാർ അറിയാതെ അവളുടെ സ്വർണ്ണം ബാങ്കിൽ വെച്ച് ലോണെടുത്ത് കച്ചവടത്തിനായി കടകളിൽ സ്റ്റോക്ക് വർദ്ധിപ്പിച്ചവർ അങ്ങനെ അങ്ങനെ നിരവധി വ്യാപാരികൾ. പുറം ലോകം അറിയാന്‍ ആഗ്രഹിക്കാത്ത ഒട്ടനവധി സാമ്പത്തിക തിരിമറികൾ.
കുടുംബങ്ങളിൽ മാത്രം ഒതുങ്ങി കഴിയേണ്ടി വരുന്ന അവസ്ഥ മറ്റൊന്ന്. വീട്ടിൽ കഴിയുമ്പോൾ ചെലവ് ഒട്ടും കുറവല്ലല്ലോ. ഭാര്യയെ സന്തോഷിപ്പിക്കണം, മക്കളെ സന്തോഷിപ്പിക്കണം, അവർക്ക് വേണ്ടതെല്ലാം വാങ്ങി നല്കണം. എന്നുവെച്ചാൽ വിശപ്പകറ്റാനുള്ള ആഹാരത്തിന് പുറമെ വായിക്ക് രുചിയുള്ള വല്ലതും കഴിക്കണം.. കഴിക്കേണ്ട..? വേണം. ഇറച്ചിയും മീനും പ്രധാന വിഭവങ്ങളായിരുന്നല്ലോ.? ദിവസം ചിലവ് എത്രയെന്നാ..! കടകൾ തുറന്നിടുമ്പോൾ, കച്ചവടം മുറപോലെ നടക്കുമ്പോൾ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഒന്നിനും ഒരു കുറവും വരുത്തിയിരുന്നില്ല. ഒരു കണക്കും വെച്ചിരുന്നില്ല. ഇപ്പോഴെല്ലാം തകിടം മറഞ്ഞു.
ദിനം പ്രതി ആയിരങ്ങൾ വീട്ടിലെ ഭക്ഷണത്തിന് മാത്രം ചെലവ് വരുന്നു എന്നത് മനസ്സിലായി. വരുമാനം മുട്ടുമ്പോൾ ചെലവ് കുറയുന്നില്ലല്ലോ..? കുറച്ചാൽ തന്നെ എത്ര കുറയും. ഇതൊന്നും പുറത്ത് പറയാൻ കൊള്ളുമോ..? ഭാര്യ വീട്ടുകാരുടെ മുന്നിൽ തലകുനിക്കാതെ മാതാപിതാക്കളെ അറിയിക്കാതെ കുടുംബത്തെ അറിയിക്കാതെ നിരവധി ആളുകൾ “വ്യാപാരികൾ” നെടുവീർപ്പിടുന്നവർ ധാരാളം.
മാർച്ച് 24 ന് കേന്ദ്രം സമ്പൂർണ്ണ ലൈക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാം കൈവിട്ടു. മാസങ്ങൾ കടകളെല്ലാം അടഞ്ഞു കിടന്നു. കടകളിൽ നശിക്കാനുള്ളതെല്ലാം നശിച്ചു. ആളനക്കമില്ലാതെ അടഞ്ഞു കിടക്കുന്നത് അത് കടകളായാലും വീടായാലും നശിക്കുകതന്നെ ചെയ്യും.
