
ആദൂർ\ കാസർകോട്: ഫാമിലേക്ക് പശുക്കളെ കൊണ്ട് വരുമ്പോൾ പിക്കപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചു. കാസർകോട്ടെ ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പരപ്പയിലാണ് സംഭവം. കുറ്റിക്കോൽ നെല്ലിത്താവിലെ തോമസ്, ഭാര്യ മോളി എന്നിവർ കർണാടക ധർമ്മസ്ഥലയിൽ നിന്നും വളർത്താൻ മൂന്നു പശുക്കളേയും, ദിവസങ്ങൾ പ്രായമുള്ള പശു കിടാവിനെയും വാങ്ങി പിക്കപ്പ് വാനി കൊണ്ടുവരുമ്പോഴാണ് അക്രമണം നടന്നത്.

തോമസും ഭാര്യയും കാറിലും, പശുക്കളുമായി മിനിലോറികൾ പിറകിലും വരികയായിരുന്നു. കർണാടക മൃഗ സംഭരക്ഷണ വകുപ്പിന്‍റെ അനുമതിയോടെയാണ് പശുക്കളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. സുള്ള്യ പോലീസ് അതിർത്തിയിൽ വാഹനം പരിശോധിച്ചപ്പോൾ ഫാമിലേക്ക് കൊണ്ടു പോകുകയാണെന്ന രേഖകൾ കാണിച്ചതിനാൽ വിട്ടയച്ചു. എന്നാൽ അതിന് മിനിറ്റുകൾക്കകമാണ് കേരള അതിർത്തിയിൽ ആക്രമണം നടന്നത്. ദമ്പതികൾ സഞ്ചരിച്ച കാറിന് പിറകിലായി വരികയായിരുന്നു പശുക്കളുമായി പിക്കപ്പ്. കർണാടകയിൽ നിന്നുള്ള അക്രമിസംഘം കാറിൽ പിന്തുടർന്നാണ് പിക്കപ്പ് ഡ്രൈവറെ മർദിച്ചത്. KA 21 P 2714 സെലറിയോ കാറിലാണ് അക്രമിസംഘം എത്തിയത്.
കാറിലെത്തിയ സംഘം പിക്കപ്പ് തടഞ്ഞ് ഡ്രൈവർ കർണാടക സ്വദേശി ശകീൽ അഹമ്മദിനെ ക്രൂരമായി മർദ്ദിച്ചു. സംഭവമറിഞ്ഞ് ഉടൻ ആദൂർ പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമി സംഘത്തെ പിടികൂടാൻ കഴിഞ്ഞില്ല. പോലീസിൽ നിന്നും രക്ഷപെടാൻ സംഭവ സഥലത്തുനിന്നും അമിത വേഗത്തിൽ ഓടിച്ച അക്രമികളുടെ കാർ മരത്തിൽ ഇടിച്ച നിലയിൽ പിന്നീട് പോലീസ് കണ്ടെത്തി. അക്രമികൾ ഓടി രക്ഷപെട്ടു.
കാർ ഇപ്പോൾ ആദൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ട്. മുഡൂർ മണ്ഡക്കോൽ ഭാഗത്ത് നിന്നുള്ള ഹിന്ദു ജാഗരൺ വേദി പ്രവർത്തകരാണ് ആക്രമത്തിന് പിന്നിലെന്നാണ് സൂചന. പിക്കപ്പ് വാൻ ഡ്രൈവർ ശകീൽ അഹമ്മദിന്‍റെ പരാതിയിൽ ആദുർ പോലീസ് കേസെടുത്തു.
