
കൊച്ചിയിൽ റോഡ് ഉപരോധ സമരത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിൻ്റെ കാർ ആക്രമിച്ച സംഭവത്തിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ സ്‌റ്റേഷനിൽ കീഴടങ്ങി. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ നാല് പ്രതികളാണ് മരട് പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.

എട്ട് പ്രതികളുള്ള കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പ്രതികൾ കീഴടങ്ങിയതെന്നാണ് സൂചന. അതേസമയം നേതാക്കൾക്കെതിരെ കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്നും ഇതിന് പകരം ചോദിക്കുമെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
മരട് സ്‌റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് ചക്രസ്തംഭന സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ കീഴടങ്ങിയത്.
