കർണാടകത്തിൽ നിന്നുള്ള അനധികൃത മീന്‍പിടുത്ത ബോട്ടുകളുടെ കടന്നുകയറ്റം തടയണം; നിർദ്ദേശവുമായി നിയമസഭാ സമിതി

  • Post category:local news
  • Reading time:2 mins read
You are currently viewing കർണാടകത്തിൽ നിന്നുള്ള അനധികൃത മീന്‍പിടുത്ത ബോട്ടുകളുടെ കടന്നുകയറ്റം തടയണം; നിർദ്ദേശവുമായി നിയമസഭാ സമിതി

കാസർകോട്: അനധികൃതമായി കര്‍ണാടകത്തില്‍ നിന്ന് ബോട്ടുകളുടെ കടന്നു കയറ്റം തടയുന്നതിന് മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടേയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകക്കാര്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ തീരകടലില്‍ നടത്തുന്ന അനധികൃത മീന്‍പിടുത്തം കര്‍ശനമായി തടയുകയും പിഴ ഈടാക്കുകയും വേണം.

അനധികൃത മീന്‍പിടുത്തം തടയാന്‍ കീഴൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ആവശ്യത്തിന് ഉദ്യോഗസ്ഥരേയും ജീവനക്കാരെയും അടിയന്തരമായി നിയമിക്കണമെന്ന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുമെന്ന് സമിതി ചെയര്‍മാന്‍ പി. പി ചിത്തരഞ്ജന്‍ എം. എല്‍. എ പറഞ്ഞു.

മണ്ണെണ്ണയുടെ പൊതു സബ്‌സിഡി നിരക്ക് ഉയര്‍ത്തണം. ലിറ്ററിന് 122 രൂപ വളരെ കൂടുതലാണ്.സിവില്‍ സപ്ലൈസ് മുഖാന്തിരം കൊടുക്കുന്ന വെള്ള മണ്ണെണ്ണ ന്യായവിലയില്‍ മത്സ്യഫെഡ് മുഖേന വിതരണം ചെയ്യണമെന്നും ശുപാര്‍ശ ചെയ്തു. അജാനൂര്‍ മത്സ്യബന്ധന തുറമുഖം . കോട്ടിക്കുളം മത്സ്യബന്ധന തുറമുഖം എന്നിവ യാഥാര്‍ത്ഥ്യമാക്കണം. കസബ മത്സ്യബന്ധന തുറമുഖം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കണം മഞ്ചേശ്വരം ഫിഷറീസ് തുറമുഖത്തിന് സമീപം അപകടകരമാകുന്ന തീരശോഷണം തടയണം. ലൈഫ് പദ്ധതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് വേണം തുടങ്ങിയ ആവശ്യങ്ങള്‍ സഭാസമിതിക്കുമുന്നില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു.

കസബ ഫിഷറീസ് ഹാര്‍ബര്‍റോഡ് നവീകരിക്കണമെന്നും ആവശ്യപ്പെട്ടു.പതിനഞ്ചാം നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടേയും ക്ഷേമത്തിനായുള്ള സമിതിയുടെ നേരിട്ട് തെളിവെടുപ്പിനും പരാതി സ്വീകരിക്കുന്നതിനും ആദ്യ യോഗമാണ് കാസര്‍കോട് ജില്ലയില്‍ നടത്തിയത്. നാളെ (ചൊവ്വ) കണ്ണൂരിലാണ് സിറ്റിംഗ്.

ട്രോളിംഗ് നിരോധനം ഫല പ്രദമായി നടപ്പാക്കുന്നതിനും നടപടിയുണ്ടാകും.ജില്ലയില്‍ സ്വന്തമായി രക്ഷാബോട്ട് അനുവദിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാറിന് സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ലഭിച്ച പരാതികളില്‍ തെളിവെടുപ്പ് നടത്തി. മത്സ്യമേഖലയെ ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഉയര്‍ന്നു വന്നു.

മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള പുനര്‍ ഗേഹം പദ്ധതി, ലൈഫ് ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട വ്യക്തിപരമായ പരാതികളില്‍ ഇവിടെ തന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര നടപടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മത്സ്യത്തൊഴിലാളിക്ഷേമനിധി ബോര്‍ഡ് മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് നല്‍കുന്ന വിവാഹ ധനസഹായം ആനുകൂല്യം രണ്ട് വര്‍ഷമായി നല്‍കിയിട്ടില്ലെന്ന പരാതിയില്‍ അടിയന്തരമായി ആനുകൂല്യങ്ങള്‍ നല്‍ക്കുന്നതിണെന്ന് ഉറപ്പു വരുത്താന്‍ നിര്‍ദ്ദേശിച്ചു.

എം. എല്‍. എ മാരായ എന്‍. എ നെല്ലിക്കുന്ന്, കാനത്തില്‍ ജമീല ,എന്‍. കെ അക്ബര്‍, എം. വിന്‍സന്റ് എന്നിവരും തെളിവെടുപ്പില്‍ സംബന്ധിച്ചു. നിയമസഭാ സെക്രട്ടറിയേറ്റ് അണ്ടര്‍ സെക്രട്ടറി ബി. അനില്‍കുമാര്‍ ജീവനക്കാരായ വിഷ്ണു എം. കിഷോര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിയമസഭാ സമിതി സിറ്റിംഗില്‍ എ. ഡി. എം. എ. കെ രമേന്ദ്രന്‍ , ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി. വി സതീശന്‍, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ മുഹമ്മദ് അഷറഫ് , ടൗണ്‍ പ്ലാനര്‍ ലീലിറ്റി തോമസ്, കാസര്‍കോട് മുന്‍സിപ്പല്‍ സെക്രട്ടറി എസ്.ബിജു മത്സ്യഫെഡ് ജില്ലാ ഓഫീസര്‍ കെ. എച്ച് ഷരീഫ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രതിനിധി സി. ആദര്‍ശ് തുടങ്ങിയവരും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധിപ്രതിനിധികളും സംബന്ധിച്ചു.

0Shares