
ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷിയായ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൻ്റെ പോളിങ് അവസാനിച്ചു. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുപ്രകാരം പോളിങ് എഴുപത് ശതമാനത്തിനടുത്ത് എത്തി. ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല.
എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കനത്ത പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍. രാവിലെ 6 മണി മുതല്‍ തന്നെ പല ബൂത്തുകളിലും വോട്ട് ചെയ്യാന്‍ സമ്മതിദായകര്‍ എത്തിത്തുടങ്ങിയിരുന്നു. ചെറിയ ചാറ്റല്‍ മഴ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തലവേദന സൃഷ്ടിച്ചെങ്കില്‍ പിന്നീട് തെളിഞ്ഞ കാലാവസ്ഥയായതോടെ വോട്ടിങ് വേഗത്തിലായി.

വോട്ടെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര രാവിലെ മുതല്‍ തന്നെ കാണപ്പെട്ടു. ഉച്ചയോടെ മന്ദത രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം ആവേശം വീണ്ടും പ്രകടമായി. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ മുന്നണികള്‍ക്കായി എന്നത് വ്യക്തം.
മൂന്ന് പ്രധാന മുന്നണികളും വിജയ പ്രതീക്ഷയിലാണ്. ഉമാ തോമസ് കലൂര്‍ പള്ളിയിലും പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് പോളിംഗ് സ്റ്റേഷനില്‍ എത്തി വോട്ട് രേഖപ്പെടുത്തിയത്. തൃക്കാക്കര പൈപ്പ് ലൈന്‍ ബൂത്തിലെത്തിയാണ് ഉമാ തോമസ് വോട്ട് ചെയ്തത്. യു.ഡി.എഫ് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്ന് ഉമാ തോമസ് പ്രതികരിച്ചു.
