2017വരെ സ്ഥലം വാങ്ങിയവരുടെ ശ്രദ്ധയ്ക്ക്; സര്‍ക്കാരിലേക്ക് ഇനിയും പണം അടയ്‌ക്കേണ്ടി വരും, നോട്ടീസ് അയച്ചു തുടങ്ങി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing 2017വരെ സ്ഥലം വാങ്ങിയവരുടെ ശ്രദ്ധയ്ക്ക്; സര്‍ക്കാരിലേക്ക് ഇനിയും പണം അടയ്‌ക്കേണ്ടി വരും, നോട്ടീസ് അയച്ചു തുടങ്ങി

തിരുവനന്തപുരം: നിയമമുണ്ടായിട്ടും ഭൂമിയുടെ ന്യായവില നടപ്പാക്കല്‍ സര്‍ക്കാര്‍ വൈകിപ്പിച്ചു. വിലകുറച്ചു കാട്ടിയുള്ള ആധാരം രജിസ്ട്രേഷൻ്റെ പേരില്‍ റവന്യൂ റിക്കവറി ഭാരം താങ്ങേണ്ടി വരുന്നത് രണ്ടു ലക്ഷത്തോളം ഭൂഉടമകളും. 1986 മുതല്‍ 2017 വരെ വില കുറച്ചുകാട്ടി ഭൂമി രജിസ്റ്റര്‍ ചെയ്‌തെന്ന് കണ്ടെത്തിയ കേസുകളിലാണ് തുടര്‍ നടപടി.

ആധാരങ്ങള്‍ വില കുറച്ച്‌ രജിസ്റ്റര്‍ ചെയ്യുന്നത് തടയാൻ 1967ല്‍ ചട്ടമുണ്ടാക്കിയെങ്കിലും നടപ്പാക്കിയില്ല. 1994ല്‍ നിയമസഭ ന്യായവില നിയമം പാസാക്കിയെങ്കിലും പ്രാബല്യത്തിലായത് 2010 ഏപ്രില്‍ ഒന്നുമുതല്‍. 1988ല്‍ താരീഫ് വിലയും 2005ല്‍ ധാരണാ വിലയുമൊക്കെ രജിസ്ട്രേഷൻ വകുപ്പ് പ്രഖ്യാപിച്ചെങ്കിലും അതൊന്നും ശാസ്ത്രീയമായിരുന്നില്ല.

1986 മുതല്‍ 2017 വരെയുള്ള അണ്ടര്‍ വാല്യുവേഷൻ കേസുകളില്‍ രജിസ്ട്രേഷൻ വകുപ്പ് വസ്‌തു ഉടമകള്‍ക്ക് റവന്യൂ റിക്കവറി നോട്ടീസ് അയച്ചു തുടങ്ങി. രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ രേഖപ്പെടുത്തിയ വസ്‌തുവിൻ്റെ വിലയും ജില്ലാ രജിസ്ട്രാറുടെ പരിശോധനയില്‍ തിട്ടപ്പെടുത്തിയ വിലയും തമ്മിലുള്ള വ്യത്യാസത്തിന് ആനുപാതികമായി സ്റ്റാമ്പ് ഡ്യൂട്ടി കുടിശിക അടയ്ക്കാത്തവര്‍ക്കാണ് നോട്ടീസ്.

റിക്കവറി നടപടികള്‍ക്കെതിരെ ആധാരം ഉടമകള്‍ക്ക് ജില്ലാ കോടതിയെ സമീപിക്കാമെങ്കിലും 2020ല്‍ ധനകാര്യ വകുപ്പ് കൊണ്ടുവന്ന ഭേദഗതി കാരണം കുടിശിക തുകയുടെ 25 ശതമാനം കെട്ടിവയ്ക്കണം. അനുകൂല വിധിയുണ്ടായാല്‍ ഈ തുക തിരികെ കിട്ടും. മറിച്ചാണെങ്കില്‍ ബാക്കി തുക കൂടി സര്‍ക്കാരിന് അടയ്ക്കണം.

സബ് രജിസ്ട്രാര്‍ക്ക് ആധാരത്തില്‍ വില കുറച്ചു കാട്ടിയതായി സംശയം തോന്നിയാലോ ,മറ്റാരെങ്കിലും പരാതിപ്പെട്ടാലോ ഡിസ്ട്രിക്‌ട് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാം. സ്ഥലത്തിൻ്റെ വിപണി മൂല്യം, താമസ യോഗ്യമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍, ഗതാഗത സൗകര്യം, സമീപത്തെ വസ്‌തുക്കളുടെ വില തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ വില രേഖപ്പെടുത്തിയോ എന്ന് ജില്ലാ രജിസ്ട്രാര്‍ പരിശോധിച്ചാണ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്.

സെറ്റില്‍മെണ്ട് ആശ്വാസമാവും

റവന്യൂ റിക്കവറി നടപടികള്‍ക്ക് പകരം രജിസ്‌ട്രേഷൻ വകുപ്പിൻ്റെ ആവശ്യം പരിഗണിച്ച്‌ സെറ്റില്‍മെണ്ട് കമ്മീഷൻ വരുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാവും. ജില്ലാ രജിസ്ട്രാറായിരിക്കും സെറ്റില്‍മെണ്ട് അധികാരി. കുടിശികയില്‍ പരമാവധി ഇളവ് അനുവദിച്ച്‌ കേസുകള്‍ തീര്‍പ്പാക്കും.

0Shares