ഇല്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്ത് നിയസഭയെ അവഹേളിച്ചു; സി.എ.ജിക്കെതിരെ വീണ്ടും തോമസ് ഐസക്

  • Post category:news
  • Reading time:1 min read
You are currently viewing ഇല്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്ത് നിയസഭയെ അവഹേളിച്ചു; സി.എ.ജിക്കെതിരെ വീണ്ടും തോമസ് ഐസക്

സി.എ.ജി റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ധനമന്ത്രി കോമസ് ഐസക്. അസാധാരണ സാഹചര്യമാണ് സി.എ.ജി റിപ്പോർട്ട് കേരളത്തിലുണ്ടാക്കിയതെന്നും അവകാശലംഘനം നടത്തിയത് സി.എ.ജിയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കിഫ്ബിയെടുക്കുന്ന മുഴുവൻ വായ്പകളും ഭരണഘടനാ വിരുദ്ധമാണെന്നാണ് സി.എ.ജി പറയുന്നത്. ഇതംഗീകരിക്കാനാവില്ല. കേരള നിയമസഭ പാസാക്കിയതാണ് കിഫ്ബി നിയമം. ഇതിനെതിരായി പൊതുജനാഭിപ്രായം ഉണരണം. എന്‍റെ പേരിലുള്ള അവകാശലംഘനമൊക്കെ ചെറുത്. അതിനേക്കാൾ വലിയ തിരിച്ചടിയാണ് കേരളത്തിന്‍റെ വികസനത്തിന് വരാൻ പോകുന്നത്. തനിക്കെതിരായ അവകാശ ലംഘന നോട്ടീസിന് കൃത്യമായ മറുപടി നൽകുമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

2018-19 ലെ ഓഡിറ്റ് റിപ്പോർട്ടിലെ കിഫ്ബി സംബന്ധിച്ച പരാമർശങ്ങൾ സംസ്ഥാന സർക്കാരിന്‍റെ അഭിപ്രായം ആരാഞ്ഞുള്ളതല്ല. സർക്കാരിന് ലഭ്യമാക്കിയിട്ടുള്ള കരട് റിപ്പോർട്ടിൽ കിഫ്ബിയെ കുറിച്ച് രണ്ടേ രണ്ട് പാരഗ്രാഫേ ഉള്ളൂ. കിഫ്ബിയുടെ വായ്പയെടുക്കൽ ഭരണഘടന വിരുദ്ധമെന്ന് അതിലില്ലായിരുന്നു.
കരട് റിപ്പോർട്ടും എക്സിറ്റ് മീറ്റിംഗും കഴിഞ്ഞ അന്തിമ റിപ്പോർട്ടിൽ കിഫ്ബിയുടെ വായ്പ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിരിക്കുകയാണ്. അതുവരെ ഒരു ഘട്ടത്തിലും എവിടെയും ഇക്കാര്യം പറഞ്ഞിട്ടില്ല. ഇത് ദുരപദിഷ്ടമാണ്.

നിഗമനങ്ങൾ ഏകപക്ഷീയമായ അടിച്ചേൽപ്പിക്കാൻ ഭരണഘടന അധികാരവും അവകാശവും നൽകുന്നില്ല. സർക്കാരുമായി ചർച്ചപോലും ചെയ്യാത്ത കാര്യങ്ങൾ എഴുതി തയ്യാറാക്കിയിട്ട് അത് നിയമസഭയുടെ മേശപ്പുറത്ത് വെച്ച് നിയമസഭാ അംഗങ്ങൾ ചർച്ച ചെയ്യണമെന്ന് പറയുന്നത് ശരിയല്ല. ഇത് സഭയുടെ അവകാശ ലംഘനമാണ്. നാല് പേജുള്ള കിഫ്ബിയെ കുറിച്ചുള്ള പരാമർശങ്ങൾ ഒരു ഘട്ടത്തിലും സർക്കാരുമായി ചർച്ച ചെയ്തിട്ടില്ല. സി.എ.ജി ഒരു ഘട്ടത്തിലും ഇക്കാര്യം അറിയിച്ചിട്ടുമില്ല. എജി സർക്കാരിനെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും മന്ത്രി ആരോപിച്ചു.

0Shares