
കോവിഡ് മഹാമാരിക്കിടയിലും വെയിലിലും മഴയിലും മഞ്ഞിലും പാടത്തിറങ്ങി അന്നം വിളയിച്ച കർഷകന്‍റെ ത്യാഗവും സേവനവും നാം മറക്കരുതെന്ന് കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ നൽകിയ സന്ദേശത്തിൽ റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ റ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നതകൾ മറന്ന് ജീവിക്കാനും ജനങ്ങളുടെ ഐക്യമില്ലാതെ പ്രതിസന്ധികളെ മറികടക്കാൻ സാധ്യമല്ലെന്നും തിരിച്ചറിഞ്ഞ കാലമാണിത്. ദേശീയ പ്രസ്ഥാനത്തിന്‍റെ അന്തസ്സത്ത മുഴുവൻ ഉൾക്കൊള്ളുന്ന ഭരണഘടന അംഗീകരിച്ച് ഒരു റിപ്പബ്ലിക്കായി ഇന്ത്യ മാറിയതിന്‍റെ വാർഷിക ദിനം ഭരണഘടനാമൂല്യങ്ങളുടെ ആഘോഷം കൂടിയാണ്. മഹത്തായ ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ പുരോഗതിക്കായി വ്യത്യാസങ്ങൾ മറന്ന് നാം ഇന്ത്യക്കാർ ഒരുമിച്ച് മുന്നേറാൻ ഓരോ റിപ്പബ്ലിക് ദിനാഘോഷങ്ങളും പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്തെ വലിയ പ്രതിന്ധികൾക്കിടയിൽ പതറാതെ നിൽക്കാൻ നമുക്ക് സാധിച്ചത് ശാസ്‌ത്രോന്മുഖതയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും ഭക്ഷ്യ ഭദ്രത ഉറപ്പാക്കാനും കഴിഞ്ഞതിനാലാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുൻഗണന നൽകി നടപ്പിലാക്കിയ ശാസ്ത്രോൻമുഖ വികസന നയമാണ് ഈ പ്രതിസന്ധിക്കാലത്ത് നമ്മെ കാത്തു സൂക്ഷിച്ചത്. ശാസ്ത്രോന്മുഖത ഒരു നാടിന്‍റെ വികസനത്തിന് എത്രത്തേളം അനിവാര്യമാണെന്ന് ഇന്ന് ലോകം തിരിച്ചറിയുകയാണ്.
ഓക്സ്ഫോർഡ് സർവ്വകലാശാലയും അൾട്രാ സെനക്കാ കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിൻ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തോതിൽ ഉൽപാദിപ്പിച്ചു വരികയാണ്. ഇന്ത്യയ്ക്ക് പുറമേ നിരവധി രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇവിടെ നിന്നും വാക്സിൻ നൽകാൻ സാധിക്കുന്നത് രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തുന്നു. പ്രതിസന്ധികൾക്കിടയിലും അഭിമാനം പകരുന്ന മുഹൂർത്തമാണിതെന്ന് മന്ത്രി പറഞ്ഞു.
ഒരു വർഷക്കാലം നീണ്ടു നിന്ന കോവിഡ് മഹാമാരിയുടെ ഭീഷണിക്കൊടുവിൽ പ്രതീക്ഷകൾ പകർന്നുകൊണ്ടാണ് 2021ന്‍റെ പുലരി കടന്നു വന്നത്. അന്ധവിശ്വാസങ്ങളേയും അബദ്ധ ധാരണകളെയും മൂലയ്ക്കിരുത്തി ശാസ്ത്രവും ശാസ്ത്രജ്ഞരും ഈ പ്രതിസന്ധിക്ക് പരിഹാരം കൊണ്ടുവരുന്നത് നാം കണ്ടു. തീവ്രമായ ശാസ്ത്രീയ പരിശ്രമങ്ങൾക്ക് ഒടുവിൽ കോവിഡിനെതിരെയുള്ള വാക്സിൻ ഉപയോഗത്തിലേക്ക് നാം എത്തിക്കഴിഞ്ഞു. മഹാമാരിയിൽ ലോകമെങ്ങും മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ശാസ്ത്രീയ നേട്ടങ്ങൾക്കായി പ്രവർത്തിച്ച ശാസ്ത്രകാരൻമാരെയും ആരോഗ്യ പ്രവർത്തകരേയും ഇവർക്ക് പിൻതുണ നൽകിയ ഭരണാധികാരികളേയും ആദരവും നന്ദിയും അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എൻ.എ നെല്ലിക്കുന്ന്, എം. രാജഗോപാലൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി. ശിൽപ, സബ്കളക്ടർ ഡി.ആർ.മേഖശ്രീ, എ.ഡി.എം എൻ. ദേവീദാസ് തുടങ്ങിയവരും പങ്കെടുത്തു.
