ശ്രീ പത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന് നൽകാമെങ്കിൽ ശബരിമല മലഅരയർക്ക് വിട്ടുകൊടുക്കണം; ദളിത് – ആദിവാസി മഹാസഖ്യത്തിന്‍റെ ഈ വാദത്തിന്‍റെ കാരണം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing ശ്രീ പത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന് നൽകാമെങ്കിൽ ശബരിമല മലഅരയർക്ക് വിട്ടുകൊടുക്കണം; ദളിത് – ആദിവാസി മഹാസഖ്യത്തിന്‍റെ ഈ വാദത്തിന്‍റെ കാരണം ഇതാണ്

പത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന് നൽകാമെങ്കിൽ ശബരിമല അമ്പലം മലഅരയർക്ക് വിട്ടുകൊടുക്കണമെന്ന് കെ.ഡി.എഫ് കേരള (ദളിത് ഫെഡറേഷൻ) സംസ്ഥാന പ്രസിഡന്റും, ദളിത്- ആദിവാസി മഹാസഖ്യം പ്രസിഡന്റുമായ പി. രാമഭദ്രൻ. പത്മനാഭസ്വാമി ക്ഷേത്ര അവകാശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത കേരള സർക്കാരും, പ്രതിപക്ഷവും, ബി.ജെ.പി. – സംഘപരിവാർ സംഘടനകളും ഇതിന് മുൻകൈ എടുക്കണം.

പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന കോടാനുകോടി രൂപ വിലമതിക്കുന്ന സ്വർണവും രത്നവും ഉൾപ്പെടെയുള്ള സമ്പത്ത് തിരുവിതാംകൂറിലെ പാവപ്പെട്ട അമ്മ പെങ്ങൻമാരുടെ തലക്കരവും മുലക്കരവും ഉൾപ്പെടെയുള്ള നികൃഷ്ടവും പൈശാചികവുമായ നികുതിയിലൂടെ പിരിച്ചെടുത്തതാണ്. ക്ഷേത്രാധികാരം രാജകുടുംബത്തിന് നൽകിയത് ന്യായീകരിക്കുന്നവർ ശബരിമല അമ്പലത്തിന്‍റെ നേരവകാശികളായ മലഅരയ വിഭാഗത്തിന്‍റെ ആവശ്യത്തെയും അംഗീകരിക്കണം.

കോടതി പറഞ്ഞ മാതൃകയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിന് രൂപീകരിക്കുന്ന ഭരണസമിതി പോലെ മലഅരയ സമുദായത്തിന് ഭരണാധികാരം നൽകിക്കൊണ്ട് ശബരിമലയ്ക്കും പ്രത്യേക സമിതി രൂപീകരിച്ചാൽ അതിനെ സ്വാഗതം ചെയ്യും. വൻ പ്രതിഫലം നൽകി പ്രഗത്ഭരായ അഭിഭാഷകരെ വെച്ച് മുൻ രാജകുടുംബം കേസ് നടത്തിയതു പോലെ കേസ് നടത്താനുള്ള ശേഷി മലഅരയ സമുദായത്തിനില്ല.

ശബരിമല പോലെ നിലയ്ക്കൽ, വളളിയാംകാവ് തുടങ്ങിയ ക്ഷേത്രങ്ങളും മലഅരയ സമുദായത്തിന്റേതായിരുന്നു. ഇത് പിന്നീട് ദേവസ്വം ബോർഡ് കൈക്കലാക്കി. ഈ യാഥാർത്ഥ്യം സർക്കാർ തിരിച്ചറിയണം. ചരിത്രത്തിൽ സംഭവിച്ചു പോയ വലിയ ഒരു തെറ്റിനെ തിരുത്താൻ സർക്കാർ തയ്യാറായേ മതിയാവൂ. ശബരിമല അമ്പലത്തിലെ ആചാരങ്ങളിൽ ഈഴവർ, സാംബവർ, സിദ്ധനർ ഉൾപ്പെടെയുള്ള ഗോത്ര – ദളിത്-പിന്നോക്ക വിഭാഗങ്ങൾക്കുള ആചാരങ്ങൾ പുനഃസ്ഥാപിക്കണം.

മല അരയ സമുദായം നാടുഭരിച്ചിരുന്നവരാണെന്ന തിരിച്ചറിവില്ലാത്തവർ യഥാർത്ഥ ചരിത്രം പഠിക്കണം. അറിവും അധികാരവുമുള്ളവരായിരുന്നു മലഅരയർ ഉൾപ്പെടെയുള്ള ആദിമജനത. പരദേശത്തു നിന്നു വന്നവർ ഇവിടെ ജീവിച്ചിരുന്നവരെ കീഴടക്കിയാണ് ഭരണം പിടിച്ചെടുത്തത്. ഈ ചരിത്ര യാഥാർത്ഥ്യങ്ങളെല്ലാം മറച്ചു വെച്ചാണ് പിന്നീട് ഇല്ലാക്കഥകൾ സൃഷ്ടിച്ചത്. ശബരിമല അമ്പലം മലഅരയരുടേതാണെന്നതിന് നിരവധി തെളിവുകളുണ്ട്. അവ സർക്കാരിന് കൈമാറുകയും ചെയ്തിട്ടുള്ളതാണ്. ഇക്കാര്യത്തിൽ സംശയമുള്ളവരുമായി സംവാദത്തിന് തയ്യാറാണെന്നും ദളിത്-ആദിവാസി മഹാസഖ്യം ദേശീയ രക്ഷാധികാരി പി. രാമഭദ്രൻ പറഞ്ഞു.

0Shares