
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ മുന്നണിക്ക് ഭരണം ലഭിച്ചാൽ തിരുവനന്തപുരത്തെ വാരാണസിയെ പോലെ തലസ്ഥാനത്തെയും രാജ്യത്തിൻ്റെ പൈതൃകനഗരമാക്കി മാറ്റുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

മുന്‍ കാലങ്ങളിൽ കോർപ്പറേഷൻ ഭരിച്ചവരുടെ പിടിപ്പുകേടാണ് തലസ്ഥാനത്തെ വികസന മുരടിപ്പിന് കാരണമായതെന്നും സുരേന്ദ്രൻ ആരോപിച്ചു. നോട്ട് നിരോധന കാലത്ത് നടത്തിയ കൊള്ളകൾ പുറത്തു വന്നാൽ കടകംപള്ളിക്ക് രാജിവയ്‌ക്കേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പിയെ തടയാൻ കോൺഗ്രസും സി.പി.എമ്മും തമ്മിൽ അവിശുദ്ധ സഖ്യമുണ്ടാക്കുകയാണ്.
പക്ഷെ നഗരത്തിന്‍റെ വികസനത്തിന് വേണ്ടി ജനങ്ങൾ ബി.ജെ.പിക്കൊപ്പം നിൽക്കും. വിഴിഞ്ഞം തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും തിരുവനന്തപുരത്തിന്‍റെ വികസനത്തിന് ശക്തമായ അടിത്തറ പാകുമെന്നും ഇതിന് തുരങ്കം വയ‌്ക്കാനുള്ള ഇരുമുന്നണികളുടേയും ശ്രമം ജനങ്ങൾ പരാജയപ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
