‘എന്തിനാ മോനെ നിനക്ക് ഈ മുക്കുമാല’; നാരായണി അമ്മയുടെ വാക്ക് കേട്ട് കള്ളന്മാര്‍ എറിഞ്ഞ് കൊടുത്തത് തട്ടിയെടുത്ത നാലര പവൻ്റെ സ്വര്‍ണമാല, കള്ളന്മാരെ പറ്റിച്ച്‌ എഴുപത്തി മൂന്നുകാരി

You are currently viewing ‘എന്തിനാ മോനെ നിനക്ക് ഈ മുക്കുമാല’; നാരായണി അമ്മയുടെ വാക്ക് കേട്ട് കള്ളന്മാര്‍ എറിഞ്ഞ് കൊടുത്തത് തട്ടിയെടുത്ത നാലര പവൻ്റെ സ്വര്‍ണമാല, കള്ളന്മാരെ പറ്റിച്ച്‌ എഴുപത്തി മൂന്നുകാരി

കാസര്‍കോട്: ‘എന്തിനാ മോനെ നിനക്ക് ഈ മുക്കുമാല’ എന്ന ഒറ്റ ഡയലോഗില്‍ നാരായണി അമ്മക്ക് തിരിച്ചു കിട്ടിയത് കള്ളന്മാര്‍ പൊട്ടിച്ചെടുത്ത നാലര പവൻ്റെ സ്വര്‍ണമാലയാണ്. പള്ളിക്കര പൂച്ചക്കാട് തെക്കുപുറം സ്വദേശി പി.കുഞ്ഞിരാമൻ്റെ ഭാര്യ കെ.നാരായണി (73 )യാണ് കള്ളനെ പറ്റിച്ച്‌ നാട്ടിലെ താരമായത്. ഞായറാഴ്‌ച ഉച്ചയ്‌ക്കായിരുന്നു സംഭവം.

തെക്കുപുറം മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപം റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് സംഭവം. പൂച്ചക്കാട് മഹാവിഷ്‌ണു ക്ഷേത്രത്തില്‍ പൂജകഴിഞ്ഞ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. 300 മീറ്റര്‍ കഴിഞ്ഞാല്‍ പൂച്ചക്കാട് കെ.എസ്.ടി.പി റോഡാണ്. വീട്ടില്‍ നിന്നും നടന്ന് പൂച്ചക്കാട് നിന്നും വാഹനത്തില്‍ പോകാനായിരുന്നു തീരുമാനം. അതിനിടയാണ് മോഷ്‌ടാക്കള്‍ എത്തിയത്. നാരായണി അമ്മയുടെ കഴുത്തില്‍ നിന്നും ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് പേരില്‍ ഒരാള്‍ സ്വര്‍ണ മാല പൊട്ടിക്കുകയായിരുന്നു.

ഈ സമയം പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ബഹളം വെച്ചാല്‍ സ്വര്‍ണമാല തിരിച്ചുകിട്ടില്ലെന്ന് നാരായണി അമ്മക്ക്‌ തോന്നി. അങ്ങനെയാണ് അവസാനത്തെ തന്ത്രമായി ഒരു ഡയലോഗ് കാച്ചിയത്. മാല മോഷ്‌ടിച്ച്‌ ഇരുചക്ര വാഹനത്തില്‍ തിരിച്ചു പോകാൻ ഒരുങ്ങുന്നതിനിടെ ആണ് നാരായണി അമ്മയുടെ യാചന. അത് കേട്ടയുടൻ പൊട്ടിച്ചെടുത്തത് മുക്കുമാലയാണെന്ന് വിശ്വസിച്ച കള്ളന്മാര്‍ തട്ടിയെടുത്ത നാലര പവൻ സ്വര്‍ണമാല റോഡിലേക്ക് വലിച്ചെറിഞ്ഞ് സ്ഥലം വിടുകയായിരുന്നു.

നാരായണി അമ്മയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് വീട്ടിലെത്തി നാരായണി അമ്മയുടെ മൊഴി രേഖപ്പെടുത്തി. അമളി പറ്റിയ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഉദുമ പള്ളിക്കര മേഖലയില്‍ ബൈക്കിലെത്തി മാല മോഷണം പതിവാണ്. രണ്ട് സ്ത്രീകളുടെ മാലകളാണ് മോഷണം പോയത്.

Courtessy: Media Mangalam

0Shares