
അടുത്തമാസം കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി തങ്ങളുടെ സമുദായക്കാർ ആരാധിക്കുന്ന മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം കോലം പ്രദർശിപ്പിക്കുന്നതിനെതിരെ വാണിയ സമുദായ കമ്മിറ്റി.സമൂഹത്തിൻ്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തിയായതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെയ്യം കോലം പ്രദർശിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമിതി സംസ്ഥാന ചെയർമാൻ വി വിജയൻ പറഞ്ഞു.

വിശ്വാസികള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ കമ്മറ്റിക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോഴും പല സ്ഥലങ്ങളിലും കട്ട് ഔട്ടുകളും ഫ്‌ളക്‌സുകളും ഉണ്ടെന്നും വി. വിജയന്‍ പറഞ്ഞു. സമുദായ സമിതിയില്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ളവരും ഉണ്ട്. സമിതി ഏതെങ്കിലും പാര്‍ട്ടിക്ക് എതിരല്ല. പക്ഷെ തങ്ങള്‍ ആരാധിക്കുന്ന തെയ്യം കോലം പരസ്യകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ സമുദായ അംഗങ്ങള്‍ ഒറ്റക്കെട്ടാണെന്ന് സമിതി സെക്രട്ടറി ഷാജി കുന്നാവ് പറഞ്ഞു.
വടക്കേ മലബാറിലെ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 108 മുച്ചിലോട്ട് കാവുകളിൽ മുച്ചിലോട്ട് ഭഗവതിയെ കുലദൈവമായി വാണിയ സമൂഹം ആരാധിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുച്ചിലോട്ട് ഭഗവതി കോലങ്ങൾ ഫ്‌ളക്‌സ് ബോർഡുകൾക്കും രാഷ്ട്രീയ-അരാഷ്ട്രീയ പ്രചരണത്തിനും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വി.വിജയൻ പറഞ്ഞു.
