ലോകത്തെ കാത്തിരിക്കുന്നത് മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ക്ഷാ​മം; കോവിഡിനേക്കാള്‍ കുടുതല്‍ പട്ടിണി മരണങ്ങള്‍ സംഭവിച്ചേക്കാം; മുന്നറിയിപ്പുമായി യു.എന്‍

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്തെ കാത്തിരിക്കുന്നത് മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ക്ഷാ​മം; കോവിഡിനേക്കാള്‍ കുടുതല്‍ പട്ടിണി മരണങ്ങള്‍ സംഭവിച്ചേക്കാം; മുന്നറിയിപ്പുമായി യു.എന്‍

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ് ലോകത്ത് നിരവധി ക്ഷാമങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. മാസങ്ങള്‍ക്കുള്ളില്‍ ബൈബിളില്‍ പ്രവചിച്ചിരിക്കുന്ന തരത്തിലുള്ള ക്ഷാമങ്ങളുണ്ടാകുമെന്നും 130 ദശലക്ഷം ജനങ്ങള്‍ ലോകത്ത് പട്ടിണിയിലാകുമെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്. യു.എന്നിന്‍റെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡേവിസ് ബീസ്ലിയാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

മൂന്നു ഡസനിലധികം രാജ്യങ്ങളെ ക്ഷാമം കടുത്ത രീതിയില്‍ ബാധിക്കുമെന്നും ഇതില്‍ തന്നെ പത്തു രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ക്ഷാമത്തിലാണെന്നും ബീസ്ലി പറഞ്ഞു. യെമന്‍, റിപ്പബ്‌ളിക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനസ്വേല, ഇത്യോപ്യ, സൗത്ത് സുഡാന്‍, സിറിയ, സുഡാന്‍, നൈജീരിയ, ഹെയ്തി എന്നിവയാണ് നിലവില്‍ ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളെന്ന് ബീസ്ലി ചൂണ്ടിക്കാട്ടി. അതേസമയം, ഈ രാജ്യങ്ങളെ ഇതുവരെ കൊറോണ കാര്യമായി ബാധിച്ചിട്ടില്ല.

സംഘര്‍ഷങ്ങള്‍, സാമ്പത്തിക മാന്ദ്യം, മരുന്നുകളുടെ അഭാവം, എണ്ണവിലയിലെ ഇടിവ് എന്നിവയാണ് ഭക്ഷ്യക്ഷാമത്തിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ ദുരന്തം ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്നും മറിച്ചായാല്‍ കോവിഡ് മാരണങ്ങളേക്കാള്‍ കുടുതല്‍ പട്ടിണി മരണങ്ങള്‍ സംഭവിച്ചേക്കാമെന്നും യുഎന്‍ സുരക്ഷാ സമിതിയില്‍ അദ്ദേഹം പറഞ്ഞു.

0Shares