ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലെ ആളുകള്‍ക്കായി ത്രിഭാഷ ഫോര്‍മുല; ഔദ്യോഗിക ഭാഷാ നിയമത്തില്‍ മറ്റ് ഭാഷകളെ ഉള്‍പ്പെടുത്താന്‍ നീക്കങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലെ ആളുകള്‍ക്കായി ത്രിഭാഷ ഫോര്‍മുല; ഔദ്യോഗിക ഭാഷാ നിയമത്തില്‍  മറ്റ് ഭാഷകളെ ഉള്‍പ്പെടുത്താന്‍ നീക്കങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷാ നിയമത്തില്‍ മറ്റ് ഭാഷകളെക്കൂടി ഉള്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമായ വൈകോയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ രാജ്യത്തെ മറ്റ് ഷെഡ്യൂള്‍ഡ് ഭാഷകളേക്കൂടി ഉള്‍പ്പെടുത്തി ഔദ്യോഗിക ഭാഷാ നിയമം ഭേദഗതി ചെയ്യാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ടോയെന്നാണ് വൈകോ ചോദിച്ചത്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഗ്രാമീണരായ സാധാരണ ജനങ്ങള്‍ എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിയമങ്ങളും നിയന്ത്രണങ്ങളും മനസിലാക്കുക എന്ന് വൈകോ ചോദിച്ചിരുന്നു.

എന്നാല്‍ ഔദ്യോഗിക ഭാഷ സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ പ്രമേയത്തില്‍ വ്യവസ്ഥകളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടിയില്‍ പറയുന്നു. ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലെ ആളുകള്‍ക്കായി ത്രിഭാഷ ഫോര്‍മുലയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകളിലും നോട്ടീസ് ബോര്‍ഡുകളിലും ജനങ്ങള്‍ക്കായുള്ള വിവരങ്ങള്‍ ഇത്തരത്തിലാണ് നല്‍കേണ്ടത്.

പ്രാദേശിക ഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെയാണ് വിവരങ്ങള്‍ നല്‍കേണ്ടതെന്ന് ഇതില്‍ പറയുന്നുണ്ടെന്നും ആഭ്യന്തര മന്ത്രലയം പറയുന്നു. എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് കരടിനെതിരെ വന്ന അപ്പീല്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഔദ്യോഗിക ഭാഷാ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

0Shares