
ആഡംബരമായി ജീവിക്കാൻ മോഷണം സ്ഥിരമാക്കിയ യുവാക്കൾ പോലീസ് പിടിയിൽ.ആലപ്പുഴയിലാണ് സംഭവം. അനന്തകൃഷ്ണൻ, ബെൻഹറ എന്നിവരാണ് പിടിയിലായത്.18 വയസ്സാണ് പ്രതികളുടെ പ്രായം. നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുകയാണ് ഇവരുടെ രീതി.

നഗരപരിധിയിൽ നിന്ന് മാത്രം 15 ബാറ്ററികൾ മോഷ്‌ടിച്ചതായി പ്രതികൾ പോലീസിന് മൊഴി നൽകി. പുലർച്ചെ നാലു മണിക്കും ആറിനും ഇടയിലാണ് മോഷണം നടത്തുന്നത്. വാഹനവുമായി നഗരപരിധിയിൽ ഇറങ്ങുന്ന അനന്തകൃഷ്ണനും ബെൻഹറും ആളില്ലാത്ത വണ്ടികൾക്ക് മുന്നിൽ വാഹനം നിർത്തും. സൂത്രത്തിൽ ബാറ്ററികൾ അപഹരിക്കും.
ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ തലവടിയിൽ നിർത്തിയിട്ട വാഹനത്തിന്‍റെ ബാറ്ററി മോഷണം പോയെന്ന പരാതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. സമാനമായി മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിലും മോഷണം നടന്നു. പരാതി കൂടിയതിനെ തുടർന്ന് നഗര പരിധിയിലെ 17 സി.സി.ടി.വി ക്യാമറകൾ നോർത്ത് പോലീസ് പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.
