
കാസര്‍കോട്: കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആചാരസ്ഥാനികര്‍ക്ക് 11 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുന്നേ തീര്‍ത്ത് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെും തീയ്യ സമുദായത്തിന്‍റെ സംവരണനഷ്ടം പരിഹരിക്കുതിന് വേണ്ടി പ്രത്യേകമായി സംവരണം അനുവദിക്കണം എന്നും അവശ്യപ്പെട്ട് കൊണ്ട് തീയ്യക്ഷേമ സഭ കാസര്‍കോട് കലക്ടേറ്റില്‍ ധര്‍ണ്ണാസമരം നടത്തി.
സര്‍ക്കാര്‍ സഹായമായി ലഭിക്കുന്ന ആചാരസ്ഥാനികര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ മാത്രമാണ് ഇവരുടെ ആകെ വരുമാനമാര്‍ഗം. പക്ഷെ കോവിഡ് കാലമായതോടു കൂടി വരുമാനം പൂര്‍ണമായും നിലച്ച ആചാരസ്ഥാനികരുടെ പെന്‍ഷന്‍ കൂടി 11 മാസത്തോളമായി നിലച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെ നല്‍കിവരുന്നതാണ് ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന വേതനം. ഇപ്പോള്‍ കോവിഡ് കാലമായിട്ടു പോലും ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കുമുള്ള ഈ വേതനം മുടങ്ങിക്കിടക്കുന്നത് ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണ് എന്ന് സംഘടന പറയുന്നു.
തീയ്യസമുദായത്തിന് സര്‍ക്കാര്‍ ജോലിയവസരങ്ങളില്‍ അനുവദിക്കപ്പെട്ട ജോലിസംവരണം നിലവില്‍ പൂര്‍ണമായും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നും എത്രയും ഗൗരവമായ ഈ പ്രശ്‌നം സമുദായവും തീയ്യസമുദായത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികളും വളരെ ഗൗരവമായി പഠിക്കുകയും ശ്രദ്ധ നല്‍കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു എന്നും സംഘടനാഭാരവാഹികള്‍ പറഞ്ഞു.

തീയ്യസമുദായത്തെയും ഈഴവരെയും ഒരു സംവരണ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാരണം , രണ്ടു വിഭാഗങ്ങള്‍ക്കും ഒിന്നിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ നല്‍കിവരുന്ന സംവരണം മിക്ക തസ്തികകളിലും പൂര്‍ണമായും തീയ്യ സമുദായത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിലവില്‍ പതിനായിരക്കണക്കിന് സര്‍ക്കാര്‍ ജോലികളാണ് തീയ്യസമുദായത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് .
നിലവിലുള്ള 14% സംവരണം തീയ്യരെയും ഈഴവരെയും ഒരു ഗ്രൂപ്പില്‍ പെടുത്തി ഒന്നിച്ചുനല്‍കുന്നതിനാല്‍ ഏതാണ്ട് 14% സംവരണം പൂര്‍ണമായും ലഭിച്ചുകൊണ്ടിരിക്കുന്നത് തിരുവിതാംകൂറിലെ ഈഴവ എന്ന മറ്റൊരു സമുദായത്തിനാണ്. അതുകൊണ്ട് നിലവിലെ സംവരണം 7% തീയ്യര്‍ക്കും 7% സംവരണം ഈഴവര്‍ക്കും വിഭജിച്ചുനല്‍കിയാല്‍ മാത്രമേ തീയ്യസമുദായത്തിന് അര്‍ഹമായ പ്രാധിനിധ്യം സര്‍ക്കാര്‍ സര്‍വീസില്‍ ലഭിക്കുകയുള്ളൂ എന്നും തീയ്യക്ഷേമസഭ ഭാരവാഹികള്‍ അറിയിച്ചു.
പ്രതിഷേധ ധര്‍ണ തീയ്യക്ഷേമസഭ ചെയര്‍മാന്‍ ശ്രീരാജ് കെ. വി പാലക്കാട്ട് ഉദ്ഘാടനം ചെയ്ത് വിഷയത്തില്‍ വിശദീകരണം നല്‍കി സംഘടനാ ജനറല്‍ കവീനര്‍ വിനോദന്‍ വി. വി തുരുത്തി സ്വാഗതം പറഞ്ഞു. ചന്ദ്രൻ എം. വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. ടി മധുസൂദനൻ കുറ്റിക്കോൽ, ചന്ദ്രൻ പാലാർ എന്നിവർ സംസാരിച്ചു.
