ഡോഗ് സ്‌ക്വഡിലെ ഉദ്യോഗസ്ഥനോട് യുവാവ് ചോദിച്ച സംശയം തുമ്പായി; കൊച്ചിയിൽ 127 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളെ പോലീസ് കുരുക്കിയത് ഇങ്ങനെ

  • Post category:news
  • Reading time:2 mins read
You are currently viewing ഡോഗ് സ്‌ക്വഡിലെ ഉദ്യോഗസ്ഥനോട് യുവാവ് ചോദിച്ച സംശയം തുമ്പായി; കൊച്ചിയിൽ 127 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളെ പോലീസ് കുരുക്കിയത് ഇങ്ങനെ

കൊച്ചി: വീട് കുത്തിത്തുറന്ന് 127 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവരുകയും മോഷ്ടാക്കള്‍ തങ്ങളാണെന്ന് അറിയാതിരിക്കാന്‍ സംഘാംഗങ്ങളില്‍ ഒരാളെ കൊലപ്പെടുത്തി കത്തിക്കുകയും ചെയ്ത കേസില്‍ നാലുപേരെ അറസ്റ്റുചെയ്തു. തോപ്പുംപടി ചുള്ളിക്കല്‍ കൂട്ടുങ്കല്‍ ഡിനോയ് ക്രിസ്‌റ്റോ (24), ട്രാന്‍സ്‌ജെന്‍ഡറായ മലപ്പുറം തിരൂര്‍ തണലൂര്‍ വിഷാറത്ത് വീട്ടില്‍ വി.ഹാരീസ് എന്ന സുലു (34), എറണാകുളം കണ്ണമാലി കാട്ടിപ്പറമ്പ് പാട്ടാളത്ത് മണിലാല്‍ എന്ന സൂര്യ (19), പുനലൂര്‍ വിളക്കുവട്ടം പരപ്പില്‍ പ്രസാദ് (25) എന്നിവരെയാണ് എളമക്കര പോലീസ് അറസ്റ്റുചെയ്തത്. ഈ സംഘത്തിലുണ്ടായിരുന്ന ഫോര്‍ട്ടുകൊച്ചി കഴുത്തുമുട്ട് മംഗലത്ത് ജോബിയാണ് (19) കൊല്ലപ്പെട്ടത്.

പുതുവത്സര രാത്രിയാണ് ഡിനോയിയുടെ പിതൃസഹോദരന്‍റെ എളമക്കരയിലുള്ള വീട്ടില്‍ മോഷണം നടന്നത്. തൊട്ടടുത്തദിവസം ഡിനോയിയുടെ സഹോദരിയുടെ വിവാഹമായിരുന്നു. ഇതിനായി പിതൃസഹോദരന്‍റെ കുടുംബം വീട്ടില്‍ എത്തിയെന്ന് നേരില്‍കണ്ട് ഉറപ്പാക്കിയ ശേഷമാണ് സംഘാംഗങ്ങളുമായി മോഷണത്തിനെത്തിയത്. മോഷണമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോള്‍ ഡിനോയിയും അവിടെയുണ്ടായിരുന്നു. പരിശോധനയ്ക്കിടെ ഡോഗ് സ്‌ക്വാഡിലെ ഒരംഗത്തോട് പ്രതികളുടെ മണം എത്രനേരം വീട്ടില്‍ നില്‍ക്കുമെന്ന് ഡിനോയ് തിരക്കിയിരുന്നു.

ഈ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതോടെ ഡിനോയ് നിരീക്ഷണത്തിലായിരുന്നു. സ്വര്‍ണാഭരങ്ങളില്‍ ഭൂരിഭാഗവും പോലീസ് കണ്ടെടുത്തു. രണ്ടരലക്ഷം രൂപയുടെ സ്വര്‍ണം മലപ്പുറത്തെ ജുവലറിയില്‍ വിറ്റിരുന്നു. മിച്ചമുണ്ടായിരുന്ന ഒന്നരലക്ഷം രൂപ ഡിനോയിയില്‍നിന്ന് പിടിച്ചെടുത്തു.

കേസിന്‍റെ അന്വേഷണത്തിനിടെയാണ് ബുധനാഴ്ച രാവിലെ എറണാകുളം പല്ലേപ്പടിയ്ക്ക് സമീപമുള്ള റെയില്‍വെ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മോഷണക്കേസുമായി
ബന്ധപ്പെട്ട് ഡിനോയിയെ ചോദ്യം ചെയ്യുന്നതിനിടെ കൊലപാതകവും സമ്മതിക്കുകയായിരുന്നു. കഴിഞ്ഞദിവസം വിരലടയാളം ലഭിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാനായി ഡിനോയി, ജോബി എന്നിവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്.

മോഷണസമയത്ത് ഗ്ലൗസ് ധരിച്ചിരുന്നതിനാല്‍ ഒരു കൂസലുമില്ലാതെ ഡിനോയി പോലീസ് സ്‌റ്റേഷനിലെത്തി. ജോബി ഗ്ലൗസ് ധരിച്ചിരുന്നില്ല. ഒളിവില്‍ പോകാന്‍ ഡിനോയ് നിര്‍ദേശിച്ചെങ്കിലും ജോബി കൂട്ടാക്കിയില്ല. അതോടെ പോലീസ് പിടികൂടാതിരിക്കാന്‍ ജോബിയെ കൊലപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി നഗരത്തിലെ ബാറില്‍ മദ്യപിച്ചശേഷം ജോബിയെ വിജനമായ റെയില്‍വെ ട്രാക്കിന് സമീപം എത്തിക്കുകയായിരുന്നു. തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ഡിനോയിയാണ് ജോബിയെ കൊലപ്പെടുത്തിയത്. മറ്റുള്ളവരുടെ പങ്ക് വിശദമായ ചോദ്യംചെയ്യലിലേ വ്യക്തമാകുകയുള്ളവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്‌.നാഗരാജു പറഞ്ഞു. നിലവില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകം തെളിഞ്ഞതിനാല്‍ കോടതിയുടെ അനുമതിയോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.

0Shares