
ലോകത്തിലെ തന്നെ ഏറ്റവും വലിയ പുഷ്പങ്ങളിലൊന്നാണ് സുമാത്രൻ ദ്വീപിൽ കണ്ടുവരുന്ന ടൈറ്റന്‍ ആരത്തിന്റെത് (Titan arum). ഒറ്റ ഇതളില്‍ വിരിയുന്ന അഴുകിയ മാംസത്തിന്‍റെ ഗന്ധമുള്ള ഭീമൻ പുഷ്പം. ഇതിന്‍റെ പൂവിന് മാത്രം ഉണ്ടാകും 10 അടിയോളം ഉയരം. ഒറ്റ വലിയ ഇതളിന് നടുവിലായി പച്ച നിറത്തിലുള്ള വലിയ മുകുളവുമുണ്ടാകും.
അപൂർവമായി മാത്രം കണ്ടുവരുന്ന പുഷ്പം വിരിഞ്ഞത് പോളണ്ട് വാർസോയിലെ ബൊട്ടാണിക്കൽ ഗാർഡനിലാണ്. ഗന്ധത്തിന്‍റെ പ്രത്യേകത കൊണ്ടുതന്നെ ഈ പുഷ്പം അറിയപ്പെടുന്നത് ‘ശവ പുഷ്പ’മെന്നാണ്. മണിക്കൂറുകള്‍ കാത്തുനിന്നാണ് സഞ്ചാരികള്‍ പൂവ് വിരിയുന്നത് കണ്ടത്. നിരവധിപേരാണ് പൂവ് വിരിഞ്ഞ വാർത്ത അറിഞ്ഞു ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്ക് എത്തിയത്.

മാംസം ഭക്ഷിക്കുന്ന പ്രാണികളെ പരാഗണത്തിനായി ആകര്‍ഷിക്കുന്ന ഈ പുഷ്പം വിരിഞ്ഞ് ഒരു ദിവസത്തിനകം വാടുകയും ചെയ്യും. ഞായറാഴ്ച വിരിഞ്ഞ പൂവ് തിങ്കളാഴ്ച വാടുകയും ചെയ്തു.
പൂവിന്‍റെ അസഹനീയമായ ഗന്ധം കാരണം ഈ കാഴ്ച കാണാൻ സാധിക്കാത്തവർക്കായി വാര്‍സോ യൂനിവേഴ്സിറ്റി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അധികൃതര്‍ ലൈവ് സംപ്രേക്ഷണം നടത്തിയിരുന്നു. ഇതിന് മുമ്പ് 2016ൽ ന്യൂയോര്‍ട്ട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഈ പൂവ് വിരിഞ്ഞത്.
