സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചത് ശരിയായില്ല; പാനൂർ സംഭവം പാർട്ടിയുടെ സൽപേരിന് കളങ്കം വരുത്തി: ഇ. പി ജയരാജൻ

  • Post category:news
  • Reading time:1 min read
You are currently viewing സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചത് ശരിയായില്ല; പാനൂർ സംഭവം പാർട്ടിയുടെ സൽപേരിന് കളങ്കം വരുത്തി: ഇ. പി ജയരാജൻ

പാനൂർ കൊലപാതകം ദൗർഭാഗ്യകരമാണെന്നും കൊലപാതകം പാർട്ടിയുടെ സത്‌പേരിന് കളങ്കം ഉണ്ടാക്കിയെന്നും വ്യവസായ മന്ത്രി ഇ. പി ജയരാജൻ. അഞ്ചുവർഷം കേരളം ശാന്തവും സമാധാനപരവും ആയിരുന്നു. തെരഞ്ഞെടുപ്പിലും മറ്റൊരിടത്തും കാര്യമായ അക്രമങ്ങൾ ഉണ്ടായില്ല. പാർട്ടി അറിഞ്ഞോ പാർട്ടിക്കാരോ ചെയ്തതല്ല ആ കൊലപാതകം.

പ്രാദേശികമായി ഉണ്ടായ തർക്കങ്ങൾ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. ഒരു തരത്തിലും ഈ കൊലപാതകത്തെ സി.പി.എം ന്യായീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ഇതിനെ സി.പി.എം ശക്തമായി അപലപിക്കുന്നു. എന്നാൽ സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചത് ശരിയായില്ലെന്നും ഇ. പി ജയരാജൻ വ്യക്തമാക്കി.

കാലാകാലങ്ങളായി യു.ഡി.എഫിന് വോട്ട് ചെയ്തിരുന്നവർ പോലും ഇത്തവണ ഇടതുമുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്തത്. ഭരണം കിട്ടും എന്നത് യു.ഡി.എഫിന്‍റെ ആഗ്രഹം മാത്രമാണ്. ആഗ്രഹങ്ങൾ അവകാശവാദമായി പ്രചരിപ്പിക്കുകയാണ്. മേയ് രണ്ടിന് വോട്ട് എണ്ണുന്നത് വരെ വരെ അത് പറയട്ടെയെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

ഇടതുമുന്നണിക്ക് 100 സീറ്റിന് മുകളിൽ കിട്ടും. ഇക്കാര്യം രഹസ്യമായി യു.ഡി.എഫും ബി.ജെ.പിയും സമ്മതിക്കുന്നുണ്ട്. വോട്ടെണ്ണൽ വരെ അണികളെ ആശ്വസിപ്പിക്കാനാണ് മറിച്ചുള്ള പ്രചരണമാണെന്നും ഇ.പി. പറഞ്ഞു. 35 ഉം 40 ഉം സീറ്റ് കിട്ടുമെന്ന് ബി.ജെ.പി പറയുന്നത് അവരുടെ അപചയത്തിന്റെ തെളിവാണ്. ഇതൊക്കെ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുമോ? ബി.ജെ.പിക്ക് ഒരു സീറ്റും കേരളത്തിൽ ലഭിക്കില്ല. വല്ലാത്ത നിരാശയിലും അതിനെ തുടർന്നുള്ള അപകടത്തിലേക്കും പോകാതിരിക്കാൻ ഇ ശ്രീധരനെ പോലെയൊരാൾ ശ്രദ്ധിക്കണം. രാഷ്ട്രീയമെന്നാൽ പാലം നിർമ്മിക്കൽ അല്ല. അദ്ദേഹം അങ്ങനെ ധരിച്ചു കാണും എന്നാണ് തനിക്ക് തോന്നുന്നതെന്നും ജയരാജൻ പറഞ്ഞു.

0Shares