
കുമ്പള / കാസർകോട്: കാട്ടുപന്നികളുടെ വിളയാട്ടം കാരണം ഭീതിയിലാണ് നാട്ടുകാർ. കുമ്പള ഗ്രാമപഞ്ചായത്തിലെ കൊടിയമ്മ നിവാസികളാണ് ഭീതിയിലായത്. വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടക്കാർക്കും ബൈക്ക് യാത്രക്കാർക്കും പന്നികൾ നിരന്തരം ഭീഷണി ഉയർത്തുന്നു. പുലർച്ചെ ഭീതിയോടെയാണ് മദ്രസയിലേക്ക് വിദ്യാർത്ഥികൾ നടന്നുപോകുന്നത്.

മോട്ടോർ ബൈക്ക് അടക്കമുള്ള വാഹന യാത്രക്കാർ പന്നികൾ കാരണം നിരന്തരം അപകടത്തിൽ പെടുന്നതായും നാട്ടുകാർ പറയുന്നു. ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരം കണ്ടത്താനായില്ല.

രാത്രി കാലങ്ങളിൽ ഭക്ഷണം തേടിയെത്തുന്ന പന്നികൾ കൂട്ടത്തോടെ വൈദ്യുത പോസ്റ്റുകളിലെ ചുവട്ടിലെ മണ്ണ് നീക്കുന്നു. നിലവിൽ പ്രദേശത്തെ നിരവധി വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിലാണ്. കൃഷിക്കാർക്ക് എന്നും ഭീഷണിയാകുന്ന പന്നികൾ ഇപ്പോൾ സാധാരണക്കാർക്കും ഭീഷണിയർത്തുന്നു.

ജനങ്ങളുടെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള നടപടി ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ ഇബ്രാഹിം കൊടിയമ്മ ആവശ്യപ്പെട്ടു.
