കഞ്ചാവ് വാങ്ങാന്‍ 50 രൂപ നല്‍കാന്‍ വിസമ്മതിച്ചു; അമ്മയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്ന് മകന്‍

  • Post category:news
  • Reading time:1 min read
You are currently viewing കഞ്ചാവ് വാങ്ങാന്‍ 50 രൂപ നല്‍കാന്‍ വിസമ്മതിച്ചു; അമ്മയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്ന് മകന്‍

അമ്മയെ കൊലപ്പെടുത്തി മകന്‍. കഞ്ചാവ് വാങ്ങാന്‍ 50 രൂപ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമ്മയെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. 23കാരനായ മകനാണ് അമ്മയെ കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി പട്‌നയിലെ കൈമുര്‍ ജില്ലയിലെ ചെയിന്‍പൂര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ഫക്രാബാദിലാണ് സംഭവം. ജഫ്രണ്‍ ബിവി എന്ന അമ്പത് വയസ്സുകാരി സ്ത്രീയെയാണ് 23 വയസ്സുള്ള മകന്‍ നയീം ഖാന്‍ ഇരുമ്പ് വടിക്ക് അടിച്ച് കൊലപ്പെടുത്തിയത്.

കഞ്ചാവ് വാങ്ങാന്‍ നയീം അമ്മയോട് അമ്പത് രൂപ ആവശ്യപ്പെട്ടതായി എസ്. എച്ച്. ഒ സന്തോഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ വീട്ടില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലെന്നായിരുന്നു ജഫ്രണ്‍ മറുപടി നല്‍കിയത്. മറുപടി കേട്ട് ദേഷ്യപ്പെട്ട നയീം വീടിനുള്ളിലുണ്ടായിരുന്ന ഇരുമ്പ് വടി എടുത്ത് അമ്മയെ അടിക്കുകയായിരുന്നു. അമ്മയുടെ കൈ രണ്ടും ഇയാള്‍ തല്ലിയൊടിച്ചു. ശേഷം വായില്‍ തുണി തിരുകി വീട്ടിനുള്ളിലൂടെ വലിച്ചിഴച്ചതായും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നയീമിന്‍റെ ഇളയ സഹോദരന്‍ ഗുഡ്ഡു വീട്ടിലേക്ക് വരുമ്പോള്‍ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്നും എസ്എച്ച്ഒ പറഞ്ഞു. ഗുഡ്ഡു നയീമിനെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ തള്ളിമാറ്റിയതിന് ശേഷം നയീം ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ ജഫ്രണെ ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. മയക്കുമരുന്നിന് അടിമ മാത്രമല്ല പെട്ടെന്ന് ദേഷ്യം വരുന്ന വ്യക്തി കൂടിയാണ് നയീം എന്ന് ഗുഡ്ഡു പറഞ്ഞു.

0Shares