വിദ്യാര്‍ത്ഥിയുടെ അപകട മരണത്തിൽ എസ്.ഐയുടെ താമസ സ്ഥലത്തെത്തി ഭീഷണി; സി.സി.ടി.വി ദൃശ്യം പുറത്ത്, രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ്

You are currently viewing വിദ്യാര്‍ത്ഥിയുടെ അപകട മരണത്തിൽ എസ്.ഐയുടെ താമസ സ്ഥലത്തെത്തി ഭീഷണി; സി.സി.ടി.വി ദൃശ്യം പുറത്ത്, രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ്

കുമ്പള / കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിക്കാന്‍ ഇടയായ സംഭവത്തില്‍ ആരോപണ വിധേയനായ എസ്.ഐ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ എത്തി ഭീഷണി. സംഭവത്തിൽ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. രണ്ട് യുവാക്കള്‍ സ്‌കൂട്ടറില്‍ എത്തുന്ന ദൃശ്യം ക്വാര്‍ട്ടേഴ്‌സിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് തന്നെയാണ് ദൃശ്യം പുറത്തുവിട്ടത്.

കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്.ഐ. രജിത്തിൻ്റെ പിതാവ് ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 29ന് ആറ് മണിയോടെ പെര്‍വാഡ് മാളിയങ്കരയില്‍ എസ്.ഐ. താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ സ്‌കൂട്ടറിൽ എത്തിയ രണ്ട് പേര്‍ എസ്.ഐയെ കൊല്ലുമെന്നും ഞങ്ങള്‍ കണ്ടോളാം എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

വിദ്യാര്‍ത്ഥി മരിക്കാന്‍ ഇടയായ സംഭവത്തില്‍ എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. അതിനിടെയാണ് പോലീസ് ഓഫീസർക്കെതിരെ പരസ്യ ഭീഷണി ഉണ്ടായത്.

കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിക്കുകയും കൂടെ ഉണ്ടായവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് വിവിധ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതൃത്വത്തിൽ കുമ്പള പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

0Shares