ആൾമാറാട്ടം; ജോലി ചെയ്‌തത് ജിജി മോൾ എന്ന പേരിൽ, സതിയമ്മയെ പുറത്താക്കിയത് പരാതിയുടെ അടിസ്ഥാനത്തിൽ എന്ന് മന്ത്രി ചിഞ്ചുറാണി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ആൾമാറാട്ടം; ജോലി ചെയ്‌തത് ജിജി മോൾ എന്ന പേരിൽ, സതിയമ്മയെ പുറത്താക്കിയത് പരാതിയുടെ അടിസ്ഥാനത്തിൽ എന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ പി.ഒ സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ആളുമാറിയാണ് സതിയമ്മ ജോലി ചെയ്‌തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. ‌

ജിജിമോൾ എന്ന ആളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്‌തത്. പണം നൽകിയിരുന്നതും ജിജിമോൾക്കാണ്. പരാതി വന്ന അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്‌ച മുമ്പാണ് സതി അമ്മയ്ക്കെതിരെ പരാതി വന്നത്. പുറത്താക്കിയത് പ്രതികാര നടപടിയോ, പിന്നിൽ രാഷ്ട്രീയമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബശ്രീ വഴിയാണ് സംസ്ഥാനത്ത് പാർട്ട് ടൈം സ്വീപ്പർമാരെ നിയമിക്കുന്നത്. അതിന് അവിടെ ചുമതലുണ്ടായിരുന്നത് ഐശ്വര്യ എന്ന കുടുംബശ്രീ യൂണിറ്റിനാണ്. ജിജിമോള്‍ എന്ന പെൺകുട്ടിയെ നിയമിക്കാനാണ് ഫെബ്രുവരിയിൽ യൂണിറ്റ് കത്ത് നൽകിയത്. ശമ്പളം പോകുന്നതും ജിജിമോളുടെ അക്കൗണ്ടിലേക്കാണ്. പക്ഷേ, ജോലി ചെയ്‌തത് സതിയമ്മയാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ല- മന്ത്രി പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേ കുറിച്ച് ടെലിവിഷൻ ചാനലിനോട് നല്ലത് പറഞ്ഞതിന് കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരിയായ സതിയമ്മയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയെന്നാണ് ആരോപണം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ന്യൂസ് 18 ചാനൽ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെയാണ് സതിയമ്മയോടും പ്രതികരണം തേടിയത്. തൻ്റെ മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്‌തതും മുഖ്യമന്ത്രിയായിരിക്കെ തൻ്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തതും സതിയമ്മ ചാനലിലൂടെ പറഞ്ഞു. അതിനാൽ ചാണ്ടി ഉമ്മനായിരിക്കും ഇക്കുറി വോട്ടെന്നും സതിയമ്മ പറഞ്ഞിരുന്നു.

ശനിയാഴ്‌ച ഇത് ചാനൽ സംപ്രേഷണം ചെയ്‌തത്. തിങ്കളാഴ്‌ച ജോലിക്കെത്തിയ സതിയമ്മയോട് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ജോലിക്ക് വരേണ്ടെന്ന് പറയുക ആയിരുന്നുവെന്ന് സതിയമ്മ പറയുന്നു.

0Shares