നവീകരിച്ച ‘കുമ്പോൽ തങ്ങൾ’ പള്ളിയും ദർഗ ശരീഫും വിശ്വാസികൾക്ക് തുറന്നു നൽകി; ജനുവരി 13 മുതൽ മതപ്രഭാഷണ പരമ്പര നടക്കും; 19 മുതൽ 22 വരെ ഉറൂസ്

  • Post category:local news
  • Reading time:2 mins read
You are currently viewing നവീകരിച്ച ‘കുമ്പോൽ തങ്ങൾ’ പള്ളിയും ദർഗ ശരീഫും വിശ്വാസികൾക്ക് തുറന്നു നൽകി; ജനുവരി 13 മുതൽ മതപ്രഭാഷണ പരമ്പര നടക്കും; 19 മുതൽ 22 വരെ ഉറൂസ്

കുമ്പള (കാസർകോട്): നവീകരിച്ച ‘കുമ്പോൽ തങ്ങൾ’ പള്ളിയും കുമ്പോൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ദർഗാ ശരീഫും വിശ്വാസികൾക്ക് തുറന്നു നൽകി. പള്ളിയുടെ പ്രധാന പ്രവേശന കവാടം കുമ്പോൽ ഡോ: സയ്യിദ് സിറാജുദ്ദീൻ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ മദീനയിലെ മസ്ജിദുന്നബവിയുടെ വാതിലിൻ്റെ മാതൃകയിലാണ് കവാടം നിർമ്മിച്ചിട്ടുള്ളത്.

അറേബ്യൻ മുഗൾ ശില്പകലാ മാതൃകയിൽ നവീകരിച്ച കുമ്പോൽ ബദ്‌രിയ ജുമാ മസ്ജിദിൻ്റെ ഉദ്‌ഘാടനവും വഖഫ് കർമവും കുമ്പോൽ സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങൾ നിർവഹിച്ചു. കുമ്പോൽ സയ്യിദ് അലി തങ്ങൾ അസർ നിസ്കാരത്തിന് നേതൃത്വം നൽകി.

തനത് കേരളീയ ശില്പകലാ മാതൃകയിൽ നിർമിച്ച ദർഗാ ശരീഫ് കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ വിശ്വാസികൾക്കായി തുറന്ന് നൽകി. കുമ്പോൽ സയ്യിദ് ജഅഫർ സാദിഖ് തങ്ങൾ കൂട്ട സിയാറത്തിന് നേതൃത്വം നൽകി. കുമ്പോൽ തങ്ങൾ ഉറൂസിനോട് അനുബന്ധിച്ചാണ് പള്ളിയും ദർഗാ ശരീഫും നവീകരിച്ചത്.

ജനുവരി 19 മുതൽ 22 വരെയാണ് കുമ്പോൽ തങ്ങൾ ഉറൂസ് നടക്കുക. ഇതിന് മുന്നോടിയായി പാപ്പം കോയ നഗറിൽ 2023 ജനുവരി 13 മുതൽ 17 വരെ രാത്രി 8 മണിക്ക് മതപ്രഭാഷണപരമ്പര നടക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മതപ്രഭാഷണ പരമ്പരക്ക് പ്രമുഖരായ മതപ്രഭാഷകരാണ് പാപ്പം കോയ നഗറിൽ എത്തുക.

13 ആം തിയതി വെള്ളിയാഴ്ച പേരോട് മുഹമ്മദ് അസ്ഹരി, 14 ആം തിയതി ശനിയാഴ്ച്ച സിംസാറുൽ ഹഖ് ഹുദവി, 15 ആം തിയതി ഞായറാഴ്ച്ച ഖലീൽ ഹുദവി കല്ലായം, 16 ആം തിയതി തികളാഴ്ച്ച നൗഫൽ സഖാഫി കളസ, 17 ആം തിയതി ചെവ്വാഴ്ച്ച അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി (മാലിക് ദീനാർ ഖത്തീബ്) തുടങ്ങിയവർ പ്രഭാഷണം നടത്തും.

വ്യക്തമായി നിശ്ചയിച്ച സമയക്രമത്തിലാണ് ഉറൂസ് പരിപാടികൾ നടക്കുക. 2023 ജനുവരി 19 മുതൽ 22 വരെ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഉറൂസ് പരിപാടികൾ. മഗ്‌രിബിന് ശേഷം ഉറൂസ് നഗരിയിലേക്ക് സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് കുമ്പോൽ ബദ്‌രിയ ജുമാ മസ്‌ജിദ്‌ ജമാഅത്ത് കമ്മിറ്റി അറിയിച്ചു.

0Shares