
കാസർകോട്: സിനിമ കാണാനെന്ന പേരിൽ നഗരത്തിലെത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ അക്രമം നടത്തിയ സംഘത്തിൽ ഒരാൾക്കെതിരെ കാപ്പ ചുമത്തുന്നതിന് റിപ്പോർട്ട് ഉടൻ അയക്കുമെന്ന് പോലീസ്. സ്കൂൾ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്ത സംഭവത്തിൻ്റെ ഗൗരവം കാണാക്കിലെടുത്താണ് ആറ് ചുമട്ടു തൊഴിലാളികൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്കെതിരെ കാപ്പ നിയമം ചുമത്തുന്നതിന് ഉടൻ റിപ്പോർട്ട് നൽകുമെന്ന് ടൗൺ സർക്കിൾ ഇൻസ്പെക്ടർ പി.അജിത് കുമാർ ചാനൽ ആർ.ബിയോട് പറഞ്ഞു.

വിശദമായി ചോദ്യം ചെയ്‌തെങ്കിലും ആൺ വിദ്യാർത്ഥി പരാതിയില്ലെന്ന് അറിയിച്ചു. അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയാക്കുന്ന രീതിയിൽ പെരുമാറിയതിനാണ് കാസർകോട്ടെ ബി.എം.എസ് പ്രവത്തകരെ അറസ്റ്റ് ചെയ്തതത്. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും നഗരത്തിൽ ക്രമസമാധാനം നിലനിർത്താൻ കർശന നടപടികൾ സ്വീകരിക്കുമെന്നും സി.ഐ പറഞ്ഞു.
കാസർകോട്ടെ മലയോര പഞ്ചായത്തിലെ ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന വ്യത്യസ്ഥ മതത്തിൽപെട്ട രണ്ടു വിദ്യാർത്ഥികളാണ് വ്യാഴാഴ്ച ഉച്ചയോടെ സിനിമ കാണാനെന്ന പേരിൽ കാസർകോട്ടെ ഒരു തിയറ്ററിൽ എത്തിയത്. കൂട്ടുകാരായ ഇരുവരും ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് നഗരത്തിൽ ബൈക്കിൽ കറങ്ങുന്നതിനിടെയാണ് ഒരുകൂട്ടം ആളുകൾ പിടികൂടി കയ്യേറ്റം ചെയ്തത്. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രണ്ടുവിദ്യാർത്ഥികളെയും സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. രക്ഷിതാക്കൾ വന്ന് വിദ്യാർത്ഥികളെ അവരവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ പരാതി ലഭിച്ചാൽ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തൊമ്പതുകാരനായ സാഹപാഠിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്നും സി.ഐ അറിയിച്ചു.
